കൊല്ലം: നുറുകണക്കിന് ശ്രീനാരായണീയർ സംഘടിച്ച് വൻമതിൽ തീർത്തതോടെ കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലേക്ക് എസ്.എൻ.ഡി.പി യോഗം വിരുദ്ധർ നടത്തിയ മാർച്ച് പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. ശങ്കേഴ്സ് ആശുപത്രി പരിസരത്തേക്ക് മാർച്ച് എത്തിയാൽ പ്രതിരോധിക്കുമെന്ന് യോഗം പ്രവർത്തകർ നിലപാടെടുത്തതോടെ പൊലീസ് ഉപാസന ആശുപത്രിക്ക് സമീപം മാർച്ച് തടയുകയായിരുന്നു.
രാവിലെ ഒൻപതോടെ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഭാരവാഹികളും ശാഖാ ഭാരവാഹികളും പ്രവർത്തകരും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളും വിവിധ പോഷകസംഘടനാ ഭാരവാഹികളും പ്രവർത്തകരും അടക്കം നൂറുകണക്കിന് പേർ ശങ്കേഴ്സ് ആശുപത്രിക്ക് മുന്നിൽ സംഘടിച്ചിരുന്നു. യോഗം വിരുദ്ധരുടെ മാർച്ച് ശങ്കേഴ്സ് ആശുപത്രിക്ക് സമീപത്തേക്ക് കടത്തിവിട്ടാൽ തിരിച്ച് മാർച്ച് നടത്തുമെന്ന് യോഗം പ്രവർത്തകർ നിലപാടെടുത്തു. ഇതോടെ പൊലീസ് ഉപാസന ആശുപത്രിക്ക് സമീപം ബാരിക്കേഡ് സ്ഥാപിക്കുകയായിരുന്നു.
ആവേശത്തോടെ യോഗം പ്രവർത്തകർ
കൊല്ലം റസ്റ്റ് ഹൗസ് വളപ്പിൽ നിന്ന് ആരംഭിച്ച യോഗം വിരുദ്ധരുടെ മാർച്ചിൽ പങ്കാളിത്തം വളരെ കുറവായിരുന്നു. ഇവർ യോഗം നേതാക്കളുടെ കോലം കത്തിക്കുമെന്ന വിവരം ലഭിച്ചതോടെ യോഗം പ്രവർത്തകർ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ള യോഗം നേതാക്കൾക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കി ബാരിക്കേഡിന് സമീപത്തേക്ക് സംഘടിച്ച് നീങ്ങി. സംഘർഷം ഉണ്ടാകുമെന്ന് ഉറപ്പായതോടെ പൊലീസ് യോഗം വിരുദ്ധരോട് പെട്ടെന്ന് പിരിഞ്ഞുപോകാൻ നിർദ്ദേശിച്ചു. അവരുടെ പക്കലുണ്ടായിരുന്ന കോലം പൊലീസ് പിടിച്ചെടുത്തു. ഇതോടെ യോഗം പ്രവർത്തകർ തിരിച്ച് ശങ്കേഴ്സ് വളപ്പിലേക്കെത്തി. തുടർന്ന് നടന്ന വിശദീകരണ യോഗത്തിൽ എൻ.രാജേന്ദ്രൻ, പി.സുന്ദരൻ എന്നിവർ യോഗം പ്രവർത്തകർക്ക് നന്ദി പറഞ്ഞു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ശങ്കേഴ്സ് ആശുപത്രി വിൽക്കുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് യോഗം വിരുദ്ധർ കൊല്ലം ശങ്കേഴ്സ് ആശുപത്രി വളപ്പിലെ ആർ.ശങ്കറുടെ സ്മൃതികുടീരത്തിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. അതിന് പിന്നാലെ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ പരമാവധി ശ്രീനാരായണീയരെ അണിനിരത്തി മാർച്ച് പ്രതിരോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ, ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, കൊല്ലം ആർ.ഡി.സി ചെയർമാൻ അനൂപ് മോഹൻ ശങ്കർ, ട്രഷറർ സിബു വൈഷ്ണവ്, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ വിജയകുമാർ, ഷാജി ദിവാകർ, നേതാജി രാജേന്ദ്രൻ, എം.സജീവ്, അഡ്വ. എസ്.ഷേണാജി, പുണർതം പ്രദീപ്, ബി.പ്രതാപൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, ഇരവിപുരം സജീവൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഡോ. എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, വൈസ് പ്രസിഡന്റ് കുമാരി രാജേന്ദ്രൻ, രജിത രാജേന്ദ്രൻ, ഗീതാ സുകുമാരൻ, വിമലമ്മ, ജലജ, ആർ.ഡി.സി അംഗങ്ങളായ ജെ.വിമലകുമാരി, പേരൂർ ബൈജുലാൽ, സുനിൽ പനയറ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ പ്രമോദ് കണ്ണൻ, മുത്തോടം അജിത്ത്, രാജ്ലാൽ തമ്പാൻ, മുരുകേശൻ യവനിക, അഭിലാഷ്, ഹരി ഇരവിപുരം, ധനപാലൻ, അമ്പാടി ജഗന്നാഥ്, സൈബർസേന നേതാവ് അഭിലാഷ് റാന്നി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |