എട്ട് ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള മലയാളി ഫുഡ് വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വെറൈറ്റി വിഭവങ്ങൾ വലിയ അളവിൽ തയ്യാറാക്കിയാണ് ഈ പാലക്കാട്ടുകാരൻ കേരളക്കരയുടെ പ്രിയപ്പെട്ട ഫുഡ് വ്ളോഗറായി മാറിയത്. വിവിധ രാജ്യങ്ങളിൽ പോയി ഉടുമ്പിനെയും അനാക്കോണ്ടയെയും ഒക്കെ വിഭവങ്ങളാക്കിയ വീഡിയോകൾ വലിയ ഹിറ്റായിരുന്നു. മനുഷ്യർ കഴിക്കാൻ ഭയക്കുന്നതും മടിക്കുന്നതുമായ മൃഗങ്ങളെ പോലും വിഭവങ്ങളാക്കി വലിയ അളവിൽ വിളമ്പുന്ന ഫിറോസ് ചുട്ടിപ്പാറയുടെ 'വില്ലേജ് ഫുഡ് ചാനൽ' എന്ന യുട്യൂബ് ചാനലിന് വൻ ആരാധകരാണുള്ളത്. ഇപ്പോഴിതാ ചൈനയിൽ പോയി ആളുകൾ കണ്ടാൽ പോലും ഭയക്കുന്ന തേളിനെ രുചിയേറിയ വിഭവമാക്കി മാറ്റുന്ന വീഡിയോയാണ് ഫിറോസ് തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്.
വലിയ വിഷമുള്ള ജീവിയാണ് തേൾ. ഇവയുടെ വാലിലാണ് വിഷമുള്ളത്. കേരളത്തിൽ മണിതേൾ എന്നുവിളിക്കുന്ന ഒരിനം തേളിനെയാണ് ഫിറോസും സംഘവും ഫ്രൈ ചെയ്തത്. ആദ്യം വലിയൊരു സംഖ്യ വരുന്ന ജീവനുള്ള തേളുകളെ ഒരു പാത്രത്തിലിട്ട് കഴുകിയെടുക്കുകയാണ് ചെയ്യുന്നത്. ശേഷം വലിയൊരു ചീനച്ചട്ടിയിൽ നിറയെ എണ്ണയൊഴിച്ച് തേളിനെ വറുത്തെടുക്കുന്നു. ഇതിനുശേഷം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത്, ഉണക്കമുളക്, ചൈനാ ഗ്രാസ് എന്നിവ വറുത്തെടുക്കുന്നു. ഇനി വറുത്തുവച്ചിരിക്കുന്ന തേളിന് മുകളിലായി ഉപ്പ്, മസാല പൊടി, വറുത്ത മുളക്, ഇഞ്ചി, വെളുത്തുള്ളി, ചൈനാ ഗ്രാസ് എന്നിവ ചേർത്തിളക്കുന്നു. വാലിന്റെ ഏറ്റവും അറ്റത്തെ ഭാഗം മുറിച്ചുകളഞ്ഞതിന് ശേഷമാണ് കഴിക്കേണ്ടത്. ഇന്ത്യയിൽ ഇത് അനുകരിക്കരുതെന്നും ഫിറോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |