തിരുവനന്തപുരം: തുടരെയുള്ള തലസ്ഥാനത്തെ ബോംബ് ഭീഷണിയും പഹൽഗാം ആക്രമണവും കണക്കിലെടുത്ത് ഇത്തവണ ഇരട്ടി സുരക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തിയത്. മേയ് 1ന് രാത്രി 7.50ന് ശംഖുംമുഖം വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയായിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്.മുഖ്യമന്ത്രി പിണറായി വിജയൻ,കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,മേയർ ആര്യാ രാജേന്ദ്രൻ,ശശി തരൂർ എം.പി,ആന്റണി രാജു എം.എൽ.എ എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
പ്രധാനമന്ത്രി എത്തുന്നതിന് മുൻപുതന്നെ ബി.ജെ.പി പ്രവർത്തകർ വിമാനത്താവളത്തിനു പുറത്ത് ഇരുവശത്തും നിറഞ്ഞിരുന്നു. ഇവരെ മോദി വാഹനത്തിനുള്ളിലിരുന്ന് കൈവീശി അഭിവാദ്യം ചെയ്തു.ഔദ്യോഗിക വാഹനത്തിന്റെ വേഗത കുറച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി രാജ്ഭവനിലെത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാജ്ഭവനിൽ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രി അന്ന് രാജ്ഭവനിൽ തങ്ങി.
മോദിയുടെ വരവിനോടനുബന്ധിച്ച് നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
പഴുതടച്ച സുരക്ഷ
തലസ്ഥാനത്ത് പഴുതടച്ച സുരക്ഷയായിരുന്നു പ്രധാനമന്ത്രിക്ക് നൽകിയത്.എസ്.പി.ജിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഏകോപിച്ചിരുന്നത്.എസ്.പി.ജിയെ കൂടാതെ കേരള പൊലീസിന്റെ 1000ത്തോളം വരുന്ന സംഘവും സുരക്ഷയ്ക്കുണ്ടായിരുന്നു.ഇതുകൂടാതെ വിഴിഞ്ഞത്ത് കോസ്റ്റ്ഗാർഡിന്റെ രണ്ട് കപ്പൽ,നേവിയുടെ ഒരു ചെറുകപ്പൽ,അന്തർവാഹിനി ഉൾപ്പെടെയുണ്ടായിരുന്നു.
എസ്.പി.ജിക്ക് പുറമെ സി.ആർ.പി.എഫ് കമാൻഡോസ്,വ്യോമസേന അംഗങ്ങളുമുണ്ടായിരുന്നു. ഇത്തവണ പതിവിലും കൂടുതൽ കമാൻഡോകളെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നു.ഇതുകൂടാതെ പൊലീസ് ഉദ്യോഗസ്ഥതലത്തിൽ പതിവിലും കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെയും പൊലീസുകാരെയും ഉൾപ്പെടുത്തിയിരുന്നു.പ്രധാനമന്ത്രി പോകുന്ന ഭാഗത്തെ എല്ലാ ചുറ്റളവിലും കേരള പൊലീസ്,ഇന്റലിജൻസ്,സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
എം.ഐ 17 ഹെലികോപ്ടറിൽ
പറന്നിറങ്ങി മോദി
വ്യോമസേനയുടെ എം.ഐ ഹെലികോപ്ടറിലായിരുന്നു മോദി വിഴിഞ്ഞത്ത് പറന്നെത്തിയത്.രാവിലെ 10ന് രാജ്ഭവനിൽ നിന്ന് പാങ്ങോട് മിലിറ്ററി ക്യാമ്പിലെ കുളച്ചൽ സ്റ്റേഡിയത്തിലെ ഹെലിപ്പാടിൽ എത്തിയാണ് അദ്ദേഹം വിഴിഞ്ഞത്തേക്ക് പോയത്.പാങ്ങോട് പോകുന്ന വഴിയിലും അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തു.10.15ന് അദ്ദേഹം വിഴിഞ്ഞത്ത് പറന്നിറങ്ങി
മൂന്ന് ഹെലികോപ്ടർ പറന്നിറങ്ങിയെങ്കിലും അവസാനനിമിഷമാണ് ഏത് കോപ്ടറിലാണ് പ്രധാനമന്ത്രി എത്തിയതെന്ന് മനസിലായത്.രണ്ടാമത്തെ കോപ്ടറിലായിരുന്നു പ്രധാനമന്ത്രി.
പോർട്ട് കമ്മിഷനിംഗ് ചടങ്ങിനുശേഷം ഹെലികോപ്ടറിൽ തന്നെ ശംഖുംമുഖത്ത് എത്തി.12.45ന് അദ്ദേഹം പ്രത്യേക വിമാനത്തിൽ ആന്ധ്രയിലെ അമരാവതിയിലേക്ക് മടങ്ങി.
രാജ്ഭവനിലെ ഹെലിപ്പാട് ഉപയോഗിച്ചില്ല
പതിവിലും കൂടുതലായി രണ്ട് എം.ഐ 17 ഹെലികോപ്ടർ കൂടി അദ്ദേഹത്തെ അനുഗമിച്ചു.ആധുനിക ആയുധ,പ്രതിരോധ സംവിധാനമുള്ള ഹെലികോപ്ടുകളാണിത്.രാജ്ഭവനിലെ ഹെലിപ്പാടിൽ മൂന്ന് ഹെലികോപ്ടറുകൾക്ക് ഒരേ സമയം പറന്നുയുരാൻ സാധിക്കാത്തതും,ഹെലിപ്പാടിന് ലാൻഡിംഗ് ക്ളിയറൻസ് ലഭിക്കാത്തതു കൊണ്ടുമാണ് പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ഹെലിപ്പാട് തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |