കൊച്ചി: നാല് മാസമായി ആരുടെയും കണ്ണിൽപ്പെടാതെ നഗരമദ്ധ്യത്തിൽ തഴച്ച് വളർന്ന കഞ്ചാവ് ചെടി ഒടുവിൽ കോടതി ‘കയറി’. ഇതോടെ ആരാണ് കഞ്ചാവ് നട്ടുവളർത്തിയതെന്നറിയാൻ നെട്ടോട്ടത്തിലാണ് സിറ്റി പൊലീസ്. എറണാകുളം സൗത്ത് റെയിൽവേ മേൽപ്പാലത്തിന് താഴെ കരിത്തല റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലാണ് നാല് മാസം പ്രായമായ കഞ്ചാവ് ചെടി കണ്ടെത്തിയത്. കഴിഞ്ഞദിവസം സമീപത്തെ കമ്പ്യൂട്ടർ സ്ഥാപനത്തിലെ ജീവനക്കാർ കെട്ടിടത്തിന്റെ ടെറസിൽ നിന്ന് നോക്കിയപ്പോഴാണ് പരിചതമല്ലാത്ത ചെടി കണ്ട് സംശയം തട്ടി കടവന്ത്ര പൊലീസിൽ അറിയിച്ചത്. സംശയനിവാരണത്തിനായി എക്സൈസ് ഇൻസ്പെക്ടറെ പൊലീസ് വിളിച്ചു വരുത്തിയപ്പോൾ ഒന്നാന്തരം കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
കഞ്ചാവ് വളർത്തുന്നത് എൻ.ഡി.പി.എസ് ആക്റ്റ് പ്രകാരം 10 കൊല്ലം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് ഉടൻ അന്വേഷണം തുടങ്ങി. സ്ഥലമുടമ കഴിഞ്ഞ ജനുവരിയിൽ പുരയിടം ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് കഞ്ചാവ് ചെടി വളർന്നത്.
ശുചീകരണ സമയത്ത് ഗേറ്റിന് പുറത്ത് കിടന്ന കെട്ടിട അവശിഷ്ടങ്ങൾ പുരയിടത്തിൽ കോരിയിട്ടിരുന്നു. കഞ്ചാവ് ചെടിയുടെ വരവ് അങ്ങനെയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി തന്നെ പ്ലാസ്റ്റിക് കവറിലാക്കി സീൽ ചെയ്ത കഞ്ചാവ് ചെടി ഇന്നലെ എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
അടുത്തദിവസം തന്നെ മജിസ്ട്രേറ്റിന്റെ സാന്നിദ് ധ്യത്തിൽ സാമ്പിൾ ശേഖരിച്ച് കോടതിയുടെ അനുമതിയോടെ രാസപരിശോധനയ്ക്ക് അയക്കും. കടവന്ത്ര എസ്.ഐ കെ.ഷാഹിനയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |