ആലപ്പുഴ: ദേശീയ ജന്തുരോഗ നിയന്ത്റണപദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ആറാം ഘട്ടത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു നിർവഹിച്ചു. 23 വരെ 18 പ്രവൃത്തി ദിവസങ്ങളിലായാണ് പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ നടക്കുക. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ ഭവന സന്ദർശനം നടത്തി ഉരുക്കൾക്ക് സൗജന്യമായി വാക്‌സിനേഷൻ നൽകും. നാല് മാസത്തിൽ താഴെ പ്രായമുള്ള കിടാക്കളെയും അവസാന ത്രൈമാസ ഗർഭാവസ്ഥയിലുള്ളവയെയും രോഗം ബാധിച്ചവയെയും ഒഴികെ പശു, എരുമ എന്നിവയെയാണ് കുളമ്പുരോഗ വാക്‌സിനേഷന് വിധേയമാക്കുന്നത്.
കേരള മൃഗരോഗ നിയന്ത്റണ നിയമ പ്രകാരം പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാതിരിക്കുന്നത് ശിക്ഷാർഹമാണ്. വൈറസ് രോഗമായതിനാൽ രോഗം വന്നാൽ ചികിത്സയില്ലാത്തതിനാൽ പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധമായും എടുക്കണം.
ചമ്പക്കുളം പഞ്ചായത്തിലെ ജോയ്‌സ് ഫാമിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി ജലജകുമാരി അദ്ധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.ശ്രീകാന്ത്, ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി.സുജ , ജന്തുരോഗ നിയന്ത്റണ പദ്ധതി ജില്ലാ കോഡിനേറ്റർ ഡോ. എസ്. രമ, ആലപ്പുഴ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷാ.വി. ഷെറിഫ്, മങ്കൊമ്പ് വെറ്ററിനറി പോളി ക്ലിനിക് സീനിയർ വെറ്ററിനറി സർജൻ ഡോ.സിന്ധു, വെറ്ററിനറി സർജൻ ഡോ. രതീഷ് ബാബു, തെക്കേക്കര ക്ഷീരസഹകരണ സംഘം പ്രസിഡന്റ് കെ.കെ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |