കിളിമാനൂർ: വെറ്റിലകൃഷിക്കിത് കഷ്ടകാലം. കർഷകരെ നിരാശരാക്കി വിലയിൽ വൻ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ് വെറ്റിലയ്ക്ക്. ഒരുമാസം മുമ്പ് ഒരുകെട്ട് വെറ്റിലയ്ക്ക് ലഭിച്ചത് 120 രൂപയായിരുന്നു.തൊട്ടടുത്ത ആഴ്ചയിൽ വില 50ലെത്തി.എന്നാൽ കഴിഞ്ഞ ദിവസത്തെ വെറ്റില ചന്തകളിൽ ഒരു കെട്ടിന് കിട്ടിയ പരമാവധി വില 20 രൂപയാണ്.ഇതോടെ കർഷകർ കടുത്ത ദുരിതത്തിലായി.ഒരു ശരാശരി കർഷകന് 100-150 കെട്ട് വെറ്റില ഒരു ആഴ്ച ചന്തയിൽ വിൽക്കാനാവും. രണ്ടുപേരുടെ രണ്ട് ദിവസത്തെ പണിയാണ് വെറ്റിലക്കൊടിയിൽ നിന്ന് ഇവ ഇറുത്തെടുത്ത് അടുക്കിക്കെട്ടുകയെന്നത്. ഒരാഴ്ച മാത്രമേ കേടാവാതെ ഇരിക്കുകയുള്ളൂ. പരിപാലനവും അതീവ ശ്രമകരമാണ്.വെറ്റിലത്തല മുകളിലേക്ക് കയറ്റി വിടുന്നതിന് ഈറയും അടയ്ക്കാമരത്തിന്റെ അലവും വേണം. നട്ട് 21 ദിവസം നന്നായി പരിപാലിച്ചെങ്കിലേ നാമ്പ് മുളച്ച് കൊടിക്ക് ജീവൻ വയ്ക്കൂ. ജൈവവളങ്ങൾ പ്രയോഗിക്കണം. ഇത്ര സസൂക്ഷ്മം പരിപാലിക്കുന്ന കർഷകനാണിപ്പോൾ അഞ്ചും പത്തും രൂപയ്ക്ക് വെറ്റില വിൽക്കേണ്ടി വരുന്നത്.
ഒരു കെട്ടിന് - 20 രൂപ
അദ്ധ്വാനഭാരം കുറയും
മേന്മയുള്ള വെറ്റിലച്ചെടിയുടെ തലത്തണ്ട് നട്ട് കൃത്യമായ തണലും നനവും നൽകിയാണ് പാത്തി ഒരുക്കുന്നത്. ഇതിനായി മുള,ഈറ,കാറ്റാടിക്കഴ,അടയ്ക്കാമരം തുടങ്ങിയവയാണ് പരമ്പരാഗത കർഷകർ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. പുതിയ കൃഷി സമ്പ്രദായത്തിൽ ആവർത്തനച്ചെലവ് ഒഴിവാക്കാൻ ഇരുമ്പ് ട്യൂബുകളും ജി.ഐ പൈപ്പുകളും ഉപയോഗിക്കുന്നു. തൂണിനും തണ്ടായത്തിനും ഇടക്കുറുക്കുകൾക്കുമാണിത്.ഇതുമൂലം അദ്ധ്വാനഭാരം കുറയുമെങ്കിലും മൂലധന ചെലവ് കൂടും.
ആയുർവേദ മരുന്നുകൾക്കും എണ്ണകൾക്കും അവിഭാജ്യഘടകമാണ് വെറ്റില. വിദേശത്തേക്ക് കയറ്റുമതിയുമുണ്ട്. എന്നിട്ടും മാന്യമായ വില, സ്ഥിരവെറ്റില കർഷകർക്ക് സ്വപ്നം മാത്രമാണ്
വിലയിടിയാൻ കാരണം
മറ്റു കൃഷികൾ നഷ്ടത്തിലായപ്പോൾ കൂടുതൽപേർ വെറ്റിലക്കൃഷി ചെയ്യാൻ തുടങ്ങി
പാർട്ട് ടൈമായും വെറ്റിലക്കൃഷി ചെയ്യുന്നവരേറെയുണ്ട്
ഇതോടെ വിപണിയിൽ വെറ്റില കുന്നുകൂടി
ആഭ്യന്തര വിപണിയിൽ ഡിമാൻഡ് കുറഞ്ഞു
പുതിയ തലമുറയിൽ വെറ്റില ചവയ്ക്കുന്നവർ കുറവാണ്
മറ്റ് കൃഷികൾക്ക് കിട്ടുന്ന പരിഗണന വെറ്റില കർഷകർക്ക് കിട്ടാറില്ല. കൃഷി ഭവനുകളിലോ തദ്ദേശ സ്ഥാപനങ്ങളിലോ ഈ കർഷകർക്കായി പദ്ധതികളില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |