പത്തനംതിട്ട : വെള്ള ചുരിദാറിന് കുറുകെ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള ബെൽറ്റും തലപ്പാവും ധരിച്ച് അനുജ ഇനി ജില്ലാകളക്ടർ എസ്.പ്രേം കൃഷ്ണനൊപ്പമുണ്ടാകും. ജില്ലയിലെ ആദ്യത്തേയും സംസ്ഥാനത്തെ രണ്ടാമത്തേയും വനിതാ ദഫേദാറായി പത്തനംതിട്ട കളക്ടറേറ്റിൽ ടി.അനുജ ചുമതലയേറ്റു. മുൻ ദഫേദാർ ജി.ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് ജില്ലയിലെ സീനിയർ ഓഫീസ് അറ്റൻഡറായ അനുജയ്ക്ക് നിയമനം ലഭിച്ചത്. മാഞ്ഞാലി തുവയൂർ തെക്ക് സ്വദേശിനിയാണ് നാൽപ്പത്തി മൂന്നുകാരി അനുജ. 20 വർഷമായി സർവീസിലുള്ള അനുജ അടൂർ റീസർവേ ഓഫീസിൽ ഓഫീസ് അറ്റൻഡറായിരുന്നു. 2004ൽ പത്തനംതിട്ട റവന്യൂ റിക്കവറി ഓഫീസിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ചേംബറിൽ കളക്ടർക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക, സന്ദർശകരെ ചേംബറിലേക്ക് കടത്തിവിടുക, അവർക്കുവേണ്ട നിർദേശങ്ങൾ നൽകുക തുടങ്ങിയവയാണ് ദഫേദാറിന്റെ ജോലി. ജോലിക്ക് സമയക്രമമില്ല. കളക്ടർ ഓഫീസിലെത്തിയാൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദഫേദാറും ഹാജരാകണം. ഭർത്താവ് തുവയൂർ ശിവദം വീട്ടിൽ വിനീഷ് ഏഴംകുളം പി.എച്ച്.സിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. മക്കളായ കാശിനാഥും കൈലാസനാഥും എഴാം ക്ലാസ് വിദ്യാർത്ഥികളാണ്. ആലപ്പുഴ കളക്ടറേറ്റിലെ കെ. സിജിയാണ് സംസ്ഥാനത്തെ ആദ്യ വനിതാ ദഫേദാർ.
ജില്ലയിൽ വനിതകൾ ഇതുവരെ ദഫേദാർ ആയിട്ടില്ലാത്തതിനാൽ നിയമനം ലഭിക്കുമെന്ന് ഉറപ്പില്ലായിരുന്നു . കഴിഞ്ഞ ആഴ്ചയാണ് ഉത്തരവ് മെയിലിൽ ലഭിക്കുന്നത്. ആലപ്പുഴ മോഡലിൽ ആണ് യൂണിഫോം ക്രമീകരിച്ചിരിക്കുന്നത്. കുടുംബം പൂർണ പിന്തുണ നൽകുന്നുണ്ട്.
ടി.അനുജ
വനിത ദഫേദാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |