കോഴിക്കോട്: ലോകാരോഗ്യ സംഘടനയുടെ ഭാഗമായുള്ള വയോജന സൗഹൃദ നഗരങ്ങളുടെ ഗ്ലോബൽ നെറ്റ്‌വർക്ക് പട്ടികയിൽ ഇടം നേടി കോഴിക്കോട് നഗരം. ആരോഗ്യപൂർണവും ക്രിയാത്മകവുമായ വാർദ്ധക്യത്തിലേക്ക് ജനങ്ങളെ നയിക്കുന്നതിന് ഉതകുന്ന പോളിസികൾ തയ്യാറാക്കി അതിനനുസൃതമായ സേവനങ്ങൾ ലഭ്യമാക്കുന്ന അന്താരാഷ്ട്രസഖ്യത്തിന്റെ ഭാഗമാവുകയാണ് ഇനി മുതൽ കോഴിക്കോട്. വയോജന സൗഹൃദ പദ്ധതികളിലൂടെ വയോജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള കോഴിക്കോട് കോർപ്പറേഷന്റെ നിരന്തര പരിശ്രമത്തിൽ ഈ നേട്ടം പൊൻതൂവലാണെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. വൃദ്ധരുടെ ജീവിത ഗുണനിലവാരത്തെ സ്വാധീനിക്കുന്ന, വയോജന സൗഹൃദ പൊതു ഇടങ്ങളും കെട്ടിടങ്ങളും,ഗതാഗത സൗകര്യങ്ങൾ, സമൂഹത്തിന്റെ പിന്തുണയോടെയുള്ള താമസസൗകര്യം, ആരോഗ്യസേവനങ്ങൾ, ആശയവിനിമയ ഉപാധികൾ എന്നീ എട്ട് പ്രധാന ഡൊമെയ്നുകൾ അടങ്ങുന്ന പദ്ധതിയാണ് ലോകാരോഗ്യ സംഘടന തയ്യാറാക്കിയത്.
സമൂഹത്തിലെ ജനങ്ങൾക്ക് അന്തസോടെയും സ്വാതന്ത്ര്യത്തോടെയും ലക്ഷ്യബോധത്തോടെയും വാർദ്ധക്യത്തിലേക്ക് വളരാനുള്ള ഇടം ഒരുക്കുക എന്നതാണ് ഒരു യഥാർത്ഥ വയോജന സൗഹൃദ നഗരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സെൻറർ ഓഫ് എക്സലൻസ് ഫോർ ഡെവലപ്പിംഗ് ഏജ് ഫ്രണ്ട്‌ലി കമ്മ്യൂണിറ്റീസുമായി സഹകരിച്ച്, ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്ക് അനുസരിച്ചുള്ള ഒട്ടേറെ പരിപാടികൾ കോർപറേഷൻ നടപ്പാക്കിയിരുന്നു. നഗരത്തിലെ വയോജന സൗഹൃദ പദ്ധതികൾ കൂടുതൽ ശക്തമായി നടപ്പിലാക്കുന്നതിനും അന്തർദേശീയതലത്തിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നവരുമായി ഇത് സംബന്ധിച്ച കണ്ടെത്തലുകൾ കൈമാറുന്നതിനും വയോജന സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ ഫ്രെയിം വർക്ക് നടപ്പിലാക്കുന്നതിനും കോർപ്പറേഷൻ പ്രതിജ്ഞബദ്ധരായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |