മലപ്പുറം: പി.വി. അൻവറിനെ സഹകരിപ്പിക്കാൻ യു.ഡി.എഫിൽ തത്വത്തിൽ ധാരണയായതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള ആദ്യ കടമ്പ കടന്ന ആശ്വാസത്തിലാണ് കോൺഗ്രസ് ക്യാമ്പ്. ഘടകകക്ഷി നേതാക്കൾ, കോൺഗ്രസ് ഹൈക്കമാൻഡ് എന്നിവരുടെ വിശദമായി ചർച്ച ചെയ്തു ഒരാഴ്ചക്കുള്ളിൽ അന്തിമ തീരുമാനമെടുക്കാൻ ഇന്നലെ കോഴിക്കോട് ചേർന്ന യു.ഡി.എഫ് യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ നിലപാടും തുടർനടപടികളും വ്യക്തമാക്കാൻ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഇന്ന് കൊൽക്കത്തയിൽ വെച്ച് അൻവർ ചർച്ച നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് യു.ഡി.എഫിന്റെ ഈ തീരുമാനം. തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായാണ് അൻവറിന്റെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. മമത ബാനർജിയും പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്. ഈ യോഗത്തിന് മുന്നോടിയായി യു.ഡി.എഫ് പ്രവേശനത്തിൽ ഉറപ്പ് ലഭിക്കണമെന്ന ഉപാധി അൻവർ മുന്നോട്ടുവച്ചിരുന്നു. മറിച്ചെങ്കിൽ തൃണമൂൽ സ്ഥാനാർത്ഥിയായി നിലമ്പൂരിൽ മത്സരിക്കാനുള്ള സാദ്ധ്യതയും അൻവർ ചൂണ്ടിക്കാട്ടിയിരുന്നു. യു.ഡി.എഫ് യോഗ തീരുമാനം സന്തോഷകരമെന്ന് പ്രതികരിച്ച അൻവർ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കുമെന്ന് എടവണ്ണ ഒതാതിയിലെ വീട്ടിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിലമ്പൂർ സീറ്റിന്റെ കാര്യത്തിൽ വില പേശലിനില്ലെന്ന വ്യക്തമായ സന്ദേശവും അൻവർ നൽകി. കോഴിക്കോട്ടെ യു.ഡി.എഫ് യോഗത്തോട് കൂടി നിലമ്പൂരിലെ ഭീഷണി ഒഴിഞ്ഞെന്ന ആശ്വാസത്തിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പെ മുന്നണി പ്രവേശനം ഉറപ്പാക്കാനുള്ള അൻവറിന്റെ നീക്കവും വിജയത്തിലേക്ക് എത്തിയിട്ടുണ്ട്. മുന്നണി പ്രവേശനത്തിൽ പൂർണ്ണമായ തടസ്സങ്ങൾ മാറിയിട്ടില്ലെങ്കിലും വഴി അടയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അൻവർ. അൻവറിന്റെ സഹകരണം ഗുണകരമാവുമെന്ന് യു.ഡി.എഫ് യോഗവും വിലയിരുത്തിയിട്ടുണ്ട്.
തൃണമൂലിനെ കൈവിടില്ല
തൃണമൂലിനെ യു.ഡി.എഫ് ഘടകകക്ഷിയാക്കാനുള്ള പ്രയാസം കോൺഗ്രസ് നേതൃത്വം അൻവറിനോട് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പാർട്ടി രൂപീകരിക്കുകയോ യു.ഡി.എഫിലെ മറ്റ് പാർട്ടികളിൽ ലയിക്കുകയോ വേണമെന്ന നിർദ്ദേശം കോൺഗ്രസ് നേതൃത്വം അൻവറിന് മുന്നിൽ വെച്ചിട്ടുണ്ട്. അൻവറിനെ സി.എം.പിയിൽ എത്തിച്ച് യു.ഡി.എഫിലേക്ക് എത്തിക്കുക എന്ന പദ്ധതിയും ചർച്ചയായി. കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന ലേബൽ അൻവറിന് പ്രയോജനപ്പെടുത്താം. നിയമസഭ തിരഞ്ഞെടുപ്പിൽ ഉറച്ച സീറ്റും നൽകും. ഇക്കാര്യങ്ങളിൽ അൻവറിന്റെ നിലപാട് നിർണ്ണായകമാണ്. മറ്റ് പാർട്ടികളിൽ ചേരുന്നതിനുള്ള എതിർപ്പ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ അൻവറിനെ അറിയിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവിൽ രണ്ട് പാർട്ടികളിൽ എത്തിയ അൻവറിന് പെട്ടെന്ന് മറ്റൊരു പാർട്ടിയിൽ കൂടി പ്രവേശിക്കുന്നതിനോട് താത്പര്യമില്ല. യു.ഡി.എഫിൽ പ്രവേശിപ്പിക്കുമ്പോൾ തൃണമൂൽ ആയിട്ടേ പോവൂ. എല്ലാം ശരിയാവുമെന്ന ശുഭപ്രതീക്ഷയിലാണെന്നും അൻവർ വ്യകത്തമാക്കി.
അൻവർ കോടതിയിലേക്ക്
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി അൻവർ ഈ മാസം 17ന് കോടതിയെ സമീപിക്കും. വേനലവധിക്ക് കോടതി അടച്ചതിനാലാണ് പരാതി നൽകാൻ വൈകുന്നതെന്നാണ് അൻവർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |