ടെണ്ടർ ചെയ്തത് 20.20 കോടിക്ക്, നിർമ്മാണം ഊരാളുങ്കൽ
കൊല്ലം: മൺറോത്തുരുത്തിനെയും പെരുങ്ങാലത്തെയും ബന്ധിപ്പിക്കുന്ന കൊന്നയിൽക്കടവ് പാലത്തിന്റെ നിർമ്മാണം ഒന്നരമാസത്തിനകം ആരംഭിക്കും. സി.ആർ.ഇസഡ് അനുമതി ലഭിച്ചാലുടൻ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി കരാർ ഒപ്പിടും. പാലം യാഥാർത്ഥ്യമാകുന്നതോടെ പെരുങ്ങാലത്തുകാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകും.
ഒരുമാസത്തിനുള്ളിൽ സി.ആർ.ഇസഡ് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പൊളിച്ചുനീക്കൽ ഇല്ലാത്തതിനാൽ നിർമ്മാണ സാമഗ്രികൾ എത്തിച്ച് പണി ആരംഭിക്കാനാകും. വെള്ളത്താൽ ചുറ്റപ്പെട്ട പെരുങ്ങാലം തുരുത്തിലേക്കുള്ള ഗതാഗത മാർഗ്ഗം കടത്തുവള്ളങ്ങളാണ്. മൺറോത്തുരുത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നതും പെരുങ്ങാലം തുരുത്തിലാണ്. രാത്രികാലങ്ങളിൽ രോഗങ്ങൾ മൂർച്ഛിക്കുന്നവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനാകില്ല. 300 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. വാഹനസൗകര്യമില്ലാത്തതിനാൽ നിരവധി കുടുംബങ്ങൾ തുരുത്ത് വിട്ട് പോയി.
പഴക്കം പത്ത് വർഷം
കൊന്നയിൽക്കടവ് പാലം നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിടുന്നു. 2016ൽ പ്രവൃത്തി എറ്റെടുത്ത കരാറുകാരൻ സ്ഥലത്തേക്ക് നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കരാർ ഉപേക്ഷിച്ചു. 2021ൽ റിസ്ക് ആൻഡ് കോസ്റ്റിൽ കരാർ റദ്ദാക്കി. 2024 ഫെബ്രുവരിയിൽ 13.57 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വീണ്ടും ടെണ്ടർ ചെയ്തു. ആദ്യം ഒരാൾ പങ്കെടുത്തു. റീ ടെണ്ടറിൽ രണ്ട് ബിഡുകൾ ലഭിച്ചെങ്കിലും വളരെ ഉയർന്നതായതിനാൽ പരിഗണിച്ചില്ല. മൂന്നാം തവണ ടെണ്ടറിൽ ഊരാളുങ്കൽ മാത്രമാണ് പങ്കെടുത്തത്. ടെണ്ടർ തുക 20.20 കോടിയായിരുന്നു. എസ്റ്റിമേറ്റിനെക്കാൾ 48.9 കൂടുതൽ. നിർമ്മാണ സാമഗ്രികൾ എത്തിക്കാനുള്ള അധിക ചെലവ് കണക്കിലെടുത്ത് സർക്കാർ ടെണ്ടറിന് പ്രത്യേക അനുമതി നൽകുകയായിരുന്നു.
....................................
പാലത്തിന്റെ നീളം:175 മീറ്രർ
വീതി:10 മീറ്റർ
മദ്ധ്യഭാഗത്തെ സ്പാൻ 32 മീറ്റർ
ആറ് സ്പാനുകളുടെ നീളം: 23.9 മീറ്റർ
കരാർ തുക: 20.20 കോടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |