വിതുര: കല്ലാർ സുരക്ഷിത ടൂറിസം പദ്ധതി യാഥാർത്ഥ്യമായതോടെ വാമനപുരം നദിയിലെ കല്ലാർ മേഖലയിൽ അടിക്കടി അരങ്ങേറിയിരുന്ന അപകടമരണങ്ങളുടെ എണ്ണം കുറഞ്ഞു. 42.48 ലക്ഷം രൂപ വിനിയോഗിച്ചാണ് കല്ലാറിൽ സുരക്ഷിത ടൂറിസം പദ്ധതി നടപ്പിലാക്കിയത്. പദ്ധതി യാഥാർത്ഥ്യമായശേഷം ഇതുവരെ ആരുടേയും ജീവൻ നദിയിൽ പൊലിഞ്ഞിട്ടില്ല. ഇപ്പോൾ വിനോദസഞ്ചാരികൾ സുഗമമായി പൊൻമുടി സന്ദർശിക്കുകയാണ്. യുവസംഘങ്ങൾ യഥേഷ്ടം അപകടത്തിൽപ്പെടാതെ കല്ലാറിൽ നീന്തിരസിക്കുന്നുമുണ്ട്.
കല്ലാർ നദിയിൽ അപകടമരണങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എയും ടൂറിസംവകുപ്പും പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെടുകയായിരുന്നു. സുരക്ഷിത ടൂറിസം പദ്ധതിയുടെ ഭാഗമായി ജി.സ്റ്റീഫൻ എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു. കല്ലാറിൽ ഏറ്റവും കൂടുതൽ അപകടമരണങ്ങൾ അരങ്ങേറുന്ന വിവിധ സ്ഥലങ്ങളിൽ ഫെൻസിംഗ് സ്ഥാപിച്ചു. നദിയിൽ ഏറ്റവും കൂടുതൽ പേർ മരിച്ച കല്ലാർ വട്ടക്കയം മേഖലയിലാണ് ഫെൻസിംഗ് ഏറ്റവും ഗുണകരമായി മാറിയത്.
അപകടങ്ങളേറെ
കല്ലാർ നദിയിൽ രണ്ട് വർഷം മുൻപുവരെ അനവധി അപകടങ്ങളാണ് നടന്നത്. കുളിക്കുന്നതിനിടയിൽ നിരവധി യുവാക്കൾ കയത്തിൽ മുങ്ങിമരിച്ചിരുന്നു. വർഷത്തിൽ അഞ്ച് മരണമെങ്കിലും നടക്കാറുണ്ടായിരുന്നു. അപകടങ്ങൾക്ക് തടയിടണമെന്നാവശ്യപ്പെട്ട് കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷൻ മന്ത്രിക്ക് പരാതി നൽകിയിരുന്നു. കാൽനൂറ്റാണ്ടിനിടയിൽ കല്ലാർ മേഖലയിൽ മാത്രം നൂറിൽപ്പരം പേരാണ് നദിയിൽ മുങ്ങിമരിച്ചത്. നദിയിൽ നടന്ന ഏറ്റവും വലിയദുരന്തം തിരുവനന്തപുരം ഡെന്റൽ കോളജിലെ എട്ട് വിദ്യാർത്ഥികൾ കല്ലാറിൽ ഒഴുക്കിൽപെട്ട് മരിച്ചതാണ്. കല്ലാർ മേഖലയിൽ മുങ്ങിമരണം കുറഞ്ഞെങ്കിലും വിതുര പഞ്ചായത്തിലെ താവയ്ക്കൽ നദിയിൽ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല.
താവയ്ക്കലിലും സുരക്ഷ വേണം
വിതുര മേഖലയിൽ കല്ലാർ മുതൽ താവയ്ക്കൽ വരെയാണ് കൂടുതൽ പേർ മുങ്ങിമരിച്ചത്. പൊൻമുടി, കല്ലാർ മേഖലകളിലെത്തുന്ന ടൂറിസ്റ്റുകൾ താവയ്ക്കൽ മേഖലയിലും സന്ദർശനം നടത്തി നദിയിൽ കുളിക്കാറുണ്ട്. കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥികളടക്കം അനവധി പേർ ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്. മാത്രമല്ല കയത്തിലകപ്പെട്ട അനവധി പേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. അപകടങ്ങൾ ചൂണ്ടിക്കാട്ടി അപായബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ മൈൻഡ്ചെയ്യാറില്ല. നിലവിൽ താവയ്ക്കലിൽ സഞ്ചാരികളുടെ തിരക്കേറിവരികയാണ്. അപകടമരണങ്ങൾക്ക് തടയിടാൻ താവയ്ക്കലിലും സുരക്ഷിതടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അടിക്കടി അപകടമരണങ്ങൾ അരങ്ങേറുന്ന വാമനപുരം നദിയിൽ വിതുര പഞ്ചായത്തിലെ താവയ്ക്കലിൽ സുരക്ഷിതടൂറിസം പദ്ധതി നടപ്പിലാക്കണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഇ.എം.നസീർ
കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |