കല്ലമ്പലം: വിനോദ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ് പള്ളിക്കൽ.ചടയമംഗലത്തെ ജഡായുപാറ കാണാനെത്തുന്നവരിൽ ഭൂരിഭാഗവും പള്ളിക്കൽ പുഴയുടെ ഭംഗി ആസ്വദിച്ചാണ് മടങ്ങുന്നത്. വിസ്തൃതമല്ലെങ്കിലും നിറഞ്ഞ പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ ഭംഗി ആരെയും ആകർഷിക്കും.
എന്നാൽ അധികൃതർ,പള്ളിക്കൽ പുഴ വിനോദസഞ്ചാരത്തിന് പ്രയോജനപ്പെടുത്താനും സംരക്ഷിക്കാനും നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
കുളത്തൂപ്പുഴയിൽ നിന്നാണ് പള്ളിക്കൽ പുഴയുടെ തുടക്കം.ഇത്തിക്കര ആറിന്റെ ഭാഗമായ പള്ളിക്കൽ പുഴ രണ്ട് ജില്ലയുടെ അതിർത്തികളിലൂടെയാണ് കടന്നുപോകുന്നത്.പകൽക്കുറി ക്ഷേത്രത്തിന് സമീപം പുഴയിൽ വിശാലമായ കുളിക്കടവ് നിർമ്മിച്ചിട്ടുണ്ട്.ഇവിടെ ധാരാളം പേർ കുളിക്കാനെത്താറുണ്ട്.എന്നാൽ ഇവിടുത്തെ ആഴക്കയങ്ങൾ ഭീഷണിയാണ്.സഞ്ചാരികളെ ആകർഷിക്കാനായി പകൽക്കുറി ക്ഷേത്രത്തിന് അടുത്തായി ഒരു തൂക്കുപാലം നിർമ്മിച്ചിട്ടുണ്ട്.എന്നാൽ തീരങ്ങളിലെ അസൗകര്യങ്ങളും അപകട ഭീഷണിയും ഇവിടെയെത്തുന്ന സഞ്ചാരികളെ അലട്ടുന്നുണ്ട്.സഞ്ചാരികൾക്ക് സുരക്ഷയൊരുക്കി കൂടുതൽ പദ്ധതികൾ പ്രദേശത്ത് കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആവശ്യങ്ങൾ
പുഴയിലെ ഗർത്തങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം
തീരങ്ങൾ സംരക്ഷിച്ച് തണൽമരങ്ങളും ഇരിപ്പിടവും സജ്ജീകരിക്കുക
നടപ്പാത നിർമ്മിക്കുക
കുടിവെള്ള പദ്ധതിയും
പള്ളിക്കൽ പുഴയിലെ ജലം ശുദ്ധജലത്തിനായി ഉപയോഗിക്കാനുള്ള ബൃഹത് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
അപകടങ്ങളും
മുൻപ് നടന്ന അനധികൃത മണ്ണെടുപ്പ് മൂലം തീരങ്ങൾ ഇടിഞ്ഞ നിലയിലാണ്.കൂടാതെ വൻ കയങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.
തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് നടപ്പാത നിർമ്മിക്കാനും, ഇരിപ്പിടങ്ങളും സോളർ ലൈറ്റുകളും സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനായി കൂടുതൽ തുക കണ്ടെത്തേണ്ടതുണ്ട്.സ്പോൺസറുടെ സഹായത്തോടെ മാത്രമേ ഇത് നടപ്പാക്കാൻ കഴിയൂ. വിശദമായ പഠനത്തിലാണ്.
എം.മാധവൻകുട്ടി,പള്ളിക്കൽ
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഫോട്ടോ: പള്ളിക്കൽ പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |