കേരളകൗമുദി വാർത്ത തുണയായി
ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച ആറ് ഒന്നാംവർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും ആരോഗ്യസർവകലാശാല അഞ്ചു ലക്ഷം രൂപ വീതം നൽകും. അപകടമുണ്ടായി അഞ്ചു മാസം പിന്നിട്ടിട്ടും മന്ത്രിമാർ ഉറപ്പുനൽകിയ സാമ്പത്തിക സഹായം കുടുംബങ്ങൾക്ക് ലഭിക്കാത്തത് സംബന്ധിച്ച് 'കേരളകൗമുദി' ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികൾക്കുവേണ്ടി മൂന്നു മാസം മുമ്പ് സർവകലാശാലയുടെ കീഴിൽ രൂപീകരിച്ച ബനവലന്റ് ഫണ്ട് വഴിയാണ് പണം ലഭ്യമാക്കുന്നത്. സർവകലാശാലയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് ഇത് നടപ്പാക്കുന്നത്. ആരോഗ്യസർവകലാശാലയ്ക്കു കീഴിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഈ പരിരക്ഷയ്ക്ക് അർഹരാണ്. വിദ്യാർത്ഥികളിൽ നിന്ന് ഇതിനായി പ്രത്യേക തുക ഈടാക്കുന്നില്ല. സംഭവം നടക്കുമ്പോൾ ആരോഗ്യ സർവകലാശാലയ്ക്കു കീഴിലെ സ്ഥാപനത്തിൽ വിദ്യാർത്ഥിയായിരുന്നുവെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, മരണ സർട്ടിഫിക്കറ്റ്, നിയമപരമായ അവകാശികളുടെ രേഖകൾ എന്നിവ ഹാജരാക്കണം. രേഖകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ട ശേഷം വിദ്യാർത്ഥികളുടെ അവകാശിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറുമെന്നും വി.സി പറഞ്ഞു.
''ആരോഗ്യ സർവകലാശാലയ്ക്കു കീഴിലെ വിദ്യാർത്ഥി എന്ത് കാരണത്താൽ മരിച്ചാലും ഈ പരിരക്ഷയ്ക്ക് അർഹരായിരിക്കും. മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ സമ്പന്നരായിരിക്കുമെന്നാണ് പൊതുധാരണ. യഥാർത്ഥത്തിൽ പല കുടുംബങ്ങളും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ്. ഇത് മനസ്സിലാക്കിയാണ് ബനവലന്റ് ഫണ്ട് ആവിഷ്കരിച്ചത് .
ഡോ.മോഹനൻ കുന്നുമ്മൽ, വൈസ് ചാൻസലർ, ആരോഗ്യ സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |