പത്തനംതിട്ട: ഒരുരീതിയിലും പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ട്രാൻസ്ജെൻഡറും സുഹൃത്തുമായ അവന്തികയുമായുളള ചാറ്റ് വിവരങ്ങളും രാഹുൽ മാദ്ധ്യമങ്ങളോട് പങ്കുവച്ചു. തന്നെ സ്‌നേഹിക്കുന്നവർ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. എംഎൽഎ പദവിയിൽ നിന്ന് രാജി വയ്ക്കുന്നതിനെക്കുറിച്ച് രാഹുൽ പ്രതികരിച്ചില്ല.
'ഞാൻ കാരണം പാർട്ടി പ്രവർത്തകർക്ക് തല കുനിക്കേണ്ടി വരില്ല. പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല. ജനങ്ങളോടും പാർട്ടിയോടും എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. അടിസ്ഥാനപരമായി ഞാനൊരു പാർട്ടി പ്രവർത്തകനാണ്. ഏതെങ്കിലും തരത്തിൽ കോൺഗ്രസ് ഞാൻ കാരണം പ്രതിസന്ധിയിലാകണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയല്ല. പാർട്ടിക്കുവേണ്ടി എല്ലായ്‌പ്പോഴും പ്രവർത്തിച്ച വ്യക്തിയാണ്.
എനിക്കെതിരായി വന്ന ചില ആരോപണങ്ങളെക്കുറിച്ചാണ് പറയുന്നത്. എന്റെ പേര് പറഞ്ഞ് ചില ആരോപണങ്ങൾ പറഞ്ഞത് എന്റെ സുഹൃത്തും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടതുമായ അവന്തികയാണ്. ഓഗസ്റ്റ് മാസം ഒന്നാം തീയതി രാത്രി അവന്തിക എന്നെ ഫോണിൽ വിളിച്ചിരുന്നു. എനിക്കെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന് അവരെ ഒരു മാദ്ധ്യമപ്രവർത്തകൻ വിളിച്ചെന്നായിരുന്നു അവന്തിക എന്നോട് പറഞ്ഞിരുന്നത്. എന്നെ കുടുക്കാനായിട്ടൊരു ശ്രമം നടക്കുന്നുണ്ടെന്നാണ് അവന്തിക അന്ന് പറഞ്ഞത്.
അവന്തികയോട് മോശമായി സംസാരിച്ചിട്ടില്ല. അവരെ ഞാൻ ഒരുതരത്തിലും കുറ്റപ്പെടുത്തില്ല. എന്റെ ഭാഗം കൂടി കേൾക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഉയർന്ന ആരോപണങ്ങളിൽ ഞാൻ വിശദീകരണം നൽകാൻ വൈകിയെന്ന് ചിലർ പറയുന്നുണ്ട്. അതുകൊണ്ട് ഞാൻ തെറ്റ് ചെയ്‌തെന്ന് പറയാൻ സാധിക്കില്ല. സ്വാഭാവികമായിട്ടും മനുഷ്യൻമാരല്ലേ. അപ്പോൾ ഈ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ എന്റേതായിട്ടുളള ഫീലിംഗ്സുണ്ട്. എന്നെ സ്‌നേഹിച്ച ഒരുപാട് ആളുകളും സ്‌നേഹിക്കുകയും കുറ്റപ്പെടുത്തുന്നുമുണ്ട്. ബാക്കിയുളള കാര്യങ്ങൾ മാദ്ധ്യമങ്ങൾ വഴി ജനകീയ കോടതിയിൽ പറയും'- രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |