തിരുവനന്തപുരം: സെക്രട്ടേറിയറ്റടക്കം ഭരണസിരാകേന്ദ്രങ്ങളിലെ കുടിവെള്ള വിതരണ പ്രശ്നത്തിന് പരിഹാരമായുള്ള, വെള്ളയമ്പലം ഒബ്സർവേറ്ററി ഹിൽ - ആയുർവേദ കോളേജ് പൈപ്പ് മാറ്റൽ പാതിവഴിയിൽ. 3.5 കിലോമീറ്റർ ദൂരത്തിൽ കാലപ്പഴക്കം ചെന്ന 350 എച്ച്.ഡി.പി.ഐ പൈപ്പുകൾ മാറ്റി 315 എം.എം ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. ഒബ്സർവേറ്ററി ടാങ്കിൽ നിന്ന് ഊറ്റുകുഴി വരെ രണ്ട് ഭാഗങ്ങളിൽ പുതിയ പൈപ്പിട്ടെങ്കിലും കരാറുകാരൻ പണിനിറുത്തി പോവുകയായിരുന്നു.
പഴയ പൈപ്പ് അടിക്കടി പൊട്ടുകയും കുടിവെള്ളം മുടങ്ങുകയും ചെയ്യുന്നത് പരിഹരിക്കാനാണ് കിഫ്ബിയുടെ സഹായത്തോടെ പുതിയ ഡി.ഐ പൈപ്പുകൾ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. 2019ൽ തുടങ്ങിയ പദ്ധതി 2023 സെപ്തംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു.
എന്നാൽ, ഒബ്സർവേറ്ററി ടാങ്കിൽ നിന്ന് റിസർവ് ബാങ്ക് വരെയും,വാൻറോസിൽ നിന്ന് ഊറ്രുകുഴി വരെയും മാത്രമാണ് പൈപ്പിട്ടത്. പൈപ്പിടുന്നതിനിടയിൽ കേബിളുകൾ പൊട്ടുകയും നിലവിലുള്ള പൈപ്പുകൾ തകരാറിലാവുകയും ചെയ്തതോടെ പണി പൂർത്തിയാക്കാനാകാതെ കരാറുകാരൻ പിന്മാറി.
അതിനുശേഷം വാട്ടർ അതോറിട്ടി പി.എച്ച് ഡിവിഷന്റെ നേതൃത്വത്തിൽ ഏഴോളം തവണ പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല. തിരക്കേറിയ റോഡിലുള്ള പണിയായതിനാലാണ് ആരും ഏറ്റെടുക്കാത്തതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കുടിവെള്ളപ്രശ്നം മുതലെടുത്ത് ടാങ്കറുകാർ നടത്തുന്ന വഴിവിട്ട ഇടപെടലുകളാണ് പദ്ധതി നടപ്പാകാത്തതെന്നും ആരോപണമുയർന്നിട്ടുണ്ട്.
കുടിവെള്ള മുടക്കം പതിവ്
ഒബ്സർവേറ്ററി ടാങ്കിൽ നിന്ന് ഊറ്റുകുഴി വരെയുള്ള ഭാഗത്ത് മാത്രം മൂന്നാഴ്ചയ്ക്കിടെ ഏഴിടങ്ങളിലാണ് ചോർച്ചയും പൈപ്പ് പൊട്ടലുമുണ്ടായത്.കഴിഞ്ഞ ദിവസം ഊറ്റുകുഴിയിലും നന്ദാവനത്തും പൊട്ടലുണ്ടായത് പരിഹരിച്ചെങ്കിലും ബേക്കറിയിലുണ്ടായ പൊട്ടൽ ഇതുവരെ പരിഹരിക്കാനായിട്ടില്ല. ഇതുമൂലം സെക്രട്ടേറിയറ്റടക്കമുള്ള ഭരണ കേന്ദ്രങ്ങളിലെ കുടിവെള്ള വിതരണം പലതവണ നിറുത്തിവച്ചു. നിലവിൽ പുളിമൂട്, ജി.പി.ഒയ്ക്ക് പിറകിലും സെക്രട്ടേറിയറ്റിന് എതിർവശത്തുമുള്ള ഭാഗങ്ങളിലും കുടിവെള്ളം കിട്ടുന്നില്ലെന്നാണ് പരാതി. ചില ദിവസങ്ങളിൽ പുലർച്ചെ കുറച്ചുനേരത്തേക്ക് മാത്രമാണ് വെള്ളം കിട്ടുന്നതെങ്കിൽ ചില ദിവസങ്ങളിൽ കിട്ടാറില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |