കോഴിക്കോട്: പൊട്ടിത്തെറിയുണ്ടായ മെഡി.കോളജ് അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള പി.എം.എസ്.എസ്.വെെ കെട്ടിടത്തിന്റെ നിർമ്മാ ണത്തിലും പരിപാലനത്തിലും അപാകതയുള്ളതായി ആരോപണം. അപകടം ഉണ്ടായപ്പോൾ എമർജൻസി എക്സിറ്റ് തുറന്നില്ലെന്നും രോഗികളെ ഇറക്കി കൊണ്ടുപോകാനുള്ള റാമ്പിൽ മാലിന്യ ചാക്കുകൾ ഉള്ളതായും രോഗികളുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. രോഗികളുടെ ജീവൻ പോലും നഷ്ടപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഏഴ് നിലകളിലുള്ള കെട്ടിടത്തിലേക്ക് വാഹനങ്ങൾക്ക് കടന്ന് വരാൻ ഒറ്റവഴിയാണുള്ളത്.
കിഴക്കും പടിഞ്ഞാറ് ഭാഗത്തും റോഡുകളുണ്ടെങ്കിലും പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലേക്ക് മതിലുള്ളതിനാൽ വാഹനങ്ങൾക്ക് കടക്കാൻ സാധിക്കില്ല. രക്ഷാപ്രവർത്തനത്തിന് പ്രധാന കവാടം മാത്രമായിരുന്നു ഏക ആശ്രയം. അപകടമുണ്ടായ സമയത്ത് അഗ്നിരക്ഷാ സേനയുടെ വാഹനവും ആംബുലൻസുകളും കെട്ടിടത്തിന്റെ കോംപൗണ്ടിലേക്ക് പ്രവേശിക്കുന്നതിനിടെ കോംപൗണ്ടിനുള്ളിൽ രോഗികളുമായി പുറത്തേക്ക് പോകേണ്ട വാഹനങ്ങൾ കുടുങ്ങി കിടക്കുകയിരുന്നു. വയനാട് മേപ്പാടി സ്വദേശി നസീറ മരിച്ചത് പുക ഉയർന്നതിനെ തുടർന്ന് പുറത്തെത്തിക്കാൻ വൈകിയത് മൂലമാണെന്ന് സഹോദരൻ യൂസഫ് അലി ആരോപിച്ചു. നസീറയെ ആത്മഹത്യാശ്രമത്തെ തുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 ഓടെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗം ഐ.സി.യു വെന്റിലേറ്ററിൽ ആയിരുന്ന ഇവർ വെള്ളിയാഴ്ചയോടെ ഭക്ഷണം ചെറിയ തോതിൽ കഴിച്ചു തുടങ്ങിയതായും ബന്ധുക്കൾ പറഞ്ഞു. അപകടസമയത്ത് എമർജൻസി എക്സിറ്റ് വഴി പുറത്തു കടക്കാനാവാതെ നസീറ അര മണിക്കൂറിലധികം കുടുങ്ങിയിരുന്നു. എമർജൻസി എക്സിറ്റിന്റെ വാതിൽ ചവിട്ടി തുറന്നാണ് സഹോദരൻ നസീറയെ പുറത്തെത്തിച്ചത്. എമർജൻസി എക്സിറ്റ് പൊളിച്ചു കടക്കാൻ ശ്രമിച്ചപ്പോൾ റാമ്പ് ഇല്ലാത്തതും പ്രതിസന്ധിയായി. പുറത്തെത്തിയപ്പോൾ ആംബുലൻസിനായി 15 മിനിറ്റ് വീണ്ടും കാത്തു നിൽക്കേണ്ടി വന്നു. ശേഷം മെഡിസിൻ ഐ.സി.യുവിൽ എത്തിച്ച് അര മണിക്കൂർ കഴിഞ്ഞാണ് ചികിത്സ നൽകിയത്. അപ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നെന്നും പിന്നാലെ മരിച്ചെന്നും യൂസഫലി ആരോപിച്ചു. പുക ഉയർന്നതോടെ രോഗികളെ പെട്ടെന്ന് മാറ്റുന്നതിന് ശ്രമിച്ചെങ്കിലും കൂട്ടിയിട്ട മാലിന്യവും പഴയ ഫർണിച്ചറുമടക്കം മാർഗ തടസമുണ്ടാക്കി.
അഗ്നിശമന സേനയില്ല
മെഡിക്കൽ കോളേജ് സ്ഥലം അനുവദിക്കാത്തതിനെ തുടർന്ന് ആശുപത്രിയും കോളേജുകളുമുൾപ്പടെയുള്ള കോംപൗണ്ടിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. നേരത്തെ ഈ പദ്ധതി പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ഫയർ സ്റ്റേഷൻ സ്ഥാപിക്കാനാവശ്യമായി 20 സെന്റ് സ്ഥലം മെഡിക്കൽ കോളേജ് അനുവദിക്കാത്തതിനാൽ പദ്ധതി തള്ളിപ്പോയി.
ചികിത്സയ്ക്ക് പണമില്ലാതെ നിർധന രോഗികൾ
കോഴിക്കോട്: 'അഞ്ച് പേരാണ് സാർ ആശുപത്രിയിലുള്ളത്. എല്ലാവർക്കും സർജറി വേണം. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം. എന്തു ചെയ്യണമെന്നറിയില്ല...' താമരശ്ശേരി സ്വദേശി മൊയ്തീന്റേതാണ് വാക്കുകൾ. മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിയെ തുടർന്ന് മാെയ്തീന്റെ ബന്ധുക്കളായ അഞ്ചു പേരെയാണ് സ്വകാര്യ ആശുപത്രികളിലെത്തിച്ചത്.
വാഹനാപകടത്തെ തുടർന്ന് കൊടുവള്ളി മുതുവാടൻ വീട്ടിൽ ഫാസില, മകൾ പന്ത്രണ്ടുകാരി ഫെെഹ, ഫാസിലയുടെ സഹോദരി ഫാരിസ എന്നിവർക്കും മറ്റ് രണ്ട് കുട്ടികൾക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഓട്ടോയിൽ പോകുമ്പോൾ താരമശ്ശേരി ബസ് സ്റ്റാൻഡിന് സമീപം വെച്ച് കാറിടിക്കുകയായിരുന്നു. 'ഫെെഹയുടെ നില അതീവ ഗുരുതരമാണ്. ഒരാളുടെ ശസ്ത്രക്രിയ നടത്തി. ബാക്കിയുള്ളവരുടേതും നടത്തണം. സർക്കാർ സഹായിക്കുമോ എന്നറിയില്ല' - മൊയ്തീൻ പറഞ്ഞു.
കൊയിലാണ്ടി വലിയ പറമ്പിൽ വീട്ടിൽ തങ്കയെ (51) കാറ്റിൽ മരക്കൊമ്പ് തലയിൽ പൊട്ടിവീണ് പരിക്കേറ്റാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പൊട്ടിത്തെറിയെ തുടർന്ന് മെഡിക്കൽ കോളേജിൽ നിന്ന് മാറ്റി സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. വിദ്യാർത്ഥിയായ ഏക മകൾ അലീന മാത്രമാണ് ഒപ്പമുള്ളത്. അങ്കണവാടി വർക്കറാണ് തങ്ക.
സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട നിർധന രോഗികൾ. ഗുരുതരാവസ്ഥയിലുള്ളവരെയാണ് സ്വകാര്യ ആശുപത്രികളിലെത്തിച്ചത്. ബില്ല് താങ്ങാനാകാതെ ബീച്ച് ആശുപത്രിയിലേക്ക് പോയവരുമുണ്ട്.
രക്ഷപ്പെട്ടത് ഭാഗ്യം രണ്ടുമൂന്നു തവണ കരണ്ട് പോയിവന്നു. പിന്നെ പൊട്ടിത്തെറിയുണ്ടായി. വെളുത്ത പുക അടുത്തേയ്ക്ക് വന്നു. ഇപ്പോഴും പേടി മാറിയിട്ടില്ല. പറയുന്നത് കോഴിക്കോട് ഗോവിന്ദാപുരം തട്ടാൻകണ്ടി വീട്ടിൽ തിലകന്റെ ഭാര്യ ശ്രീജ.
പെയിന്റിംഗിനിടെ കെട്ടിടത്തിന്റെ ഒന്നാംനിലയിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റാണ് തിലകനെ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്. ഇപ്പോൾ സ്വകാര്യ ആശുപത്രിയിലാണ്. സർജറിക്ക് മാത്രം മൂന്നു ലക്ഷമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |