കോഴിക്കോട്: 'പുക ഉയർന്നപ്പോൾ അവരുടെ ജീവൻ രക്ഷിക്കാനായി ഞങ്ങൾ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, ഫലമില്ലാതായിപ്പോയി. ശ്വാസം കിട്ടാതെയാകും മരിച്ചുണ്ടാവുക'. മെഡി. കോളജ് അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതിനെ തുടർന്ന് മരിച്ച രോഗികളുടെ ബന്ധുക്കളുടെ വാക്കുകളിൽ സങ്കടക്കണ്ണീർ. അപകടമുണ്ടായ സമയത്തും അതിന് ശേഷവുമായി അഞ്ച് പേരാണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി ഗംഗ, മേപ്പയൂർ സ്വദേശി ഗംഗാധരൻ (72),വയനാട് മേപ്പാടി സ്വദേശി നസീറ (44), വെസ്റ്റ്ഹിൽ ഗോപാലൻ (67), വടകര സ്വദേശി സുരേന്ദ്രൻ (59) എന്നിവരാണ് സംഭവ സമയത്തും ശേഷവുമായി മരിച്ചവർ. സംഭവം നടക്കുന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ച പശ്ചിമ ബംഗാൾ സ്വദേശി ഗംഗ ആംബുലൻസിൽ തന്നെയാണ് മരിച്ചത്. കൊയിലാണ്ടി മേപ്പയൂർ സ്വദേശി പുളിച്ചികൊലാറ്റമീത്തൽ ഗംഗാധന് സംഭവം നടക്കുന്ന റെഡ് ഏരിയയിൽ ഓക്സിജൻ നൽകുകയായിരുന്നു. പുക ഉയർന്നതോടെ ഓക്സിജൻ നൽകുന്നത് നിർത്തി പുറത്ത് എത്തിച്ചു. പുറത്ത് നിന്ന് ഓക്സിജൻ നൽകിയെങ്കിലും മരിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. സോഡിയം കുറഞ്ഞതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗംഗാധരനെ രണ്ടിന് ഉച്ചയോടെയാണ് മെഡി. കോളേജിൽ എത്തിച്ചത്. ഭാര്യ: കാർത്യായനി, മക്കൾ: ശ്രീജ, സുനിത, നിഷ, ഷിജി, മരുമക്കൾ: ഷാജി, വിജീഷ് മേപ്പയൂർ, അനിൽകുമാർ ചെമഞ്ചേരി, അനീഷ്.
വയറുസംബന്ധമായ അസുഖത്തെ തുടർന്നാണ് വെസ്റ്റ്ഹിൽ കുപ്പായംതൊടി ഹൗസിൽ ഗോപാലനെ വെന്റിലേറ്റർ റെഡ് ഏരിയയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പുക ഉയർന്നതോടെ വെന്റിലേറ്ററിൽ നിന്ന് പുറത്തേക്ക് എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. എന്നാൽ സംഭവം ഉണ്ടാവുന്നതിന് മുമ്പ് തന്നെ അത്യാസന നിലയിലാണെന്ന് ഡോക്ടർമാർ പറഞ്ഞതായും പുറത്തെത്തിച്ചപ്പോൾ സി.പി.ആർ ഉൾപ്പെടെ ഡോക്ടർമാർ നൽകിയതായും ബന്ധുക്കൾ പറയുന്നു. ഭാര്യ: പുഷ്പ, മക്കൾ: ദീപ, മനീഷ്, മരുമക്കൾ: ശശി കണ്ണൂർ, മനീഷ.
വടകര വള്ളൂമ്മൽ താഴെകുനിയിൽ സുരേന്ദ്രൻ ന്യൂമോണിയയെ തുടർന്ന് വടകര സ്വകാര്യ ആശുപത്രിയിൽ നിന്ന് വെള്ളിയാഴ്ചയാണ് അത്യാഹിത വിഭാഗം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ നിന്ന് പുറത്തെത്തിച്ച് ഓക്സിജൻ നൽകിയെങ്കിലും 15 മിനിറ്റിനു ശേഷം മരിച്ചു. ഭാര്യ: സതി, മകൻ: അരുൺ.
വയനാട് സ്വദേശി നസീറയെ ആത്മഹത്യാശ്രമത്തെ തുടർന്നാണ് മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംഭവത്തെ തുടർന്ന് എമർജൻസി എക്സിറ്റ് വഴി പുറത്തു കടക്കാനാവാതെ അര മണിക്കൂറിലധികം ഇവർ ഉള്ളിൽ കുടുങ്ങി. മെഡിസിൻ വാർഡിലെ ഐ.സി.യു വെന്റിലേറ്ററിലേക്ക് മാറ്റി അര മണിക്കൂറിനു ശേഷം മരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ് അലി, മകൾ: ആഷിക്, അൻഷിദ, ഹർഷീന.
വീഴ്ചകൾ പരിശോധിക്കും: മന്ത്രി റിയാസ്
കോഴിക്കോട്: തീപിടിത്തത്തെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ചു. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും വീഴ്ചകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചികിത്സ ചെലവ് ഏറ്റെടുക്കുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സ നിഷേധിച്ചാൽ ഇടപെടും: ആരോഗ്യ മന്ത്രി
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊട്ടിത്തെറിയെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചവർക്ക് ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. അത്തരം സാഹചര്യമുണ്ടായാൽ ഇടപെടും. ഇക്കാര്യം വിലയിരുത്താൻ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ബീച്ച് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെടാം .
പഴയ അത്യാഹിത വിഭാഗം ഉടൻ സജ്ജമാകും
കോഴിക്കോട്: മെഡി.കോളേജിലെത്തുന്ന രോഗികളെ പ്രവേശിപ്പിക്കാനായി പഴയ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജമാക്കാനുള്ള ഒരുക്കങ്ങൾ തകൃതി. വാർഡുകൾ ക്ലീൻ ചെയ്ത് ബെഡുകൾ തയ്യാറാക്കി. പുരുഷൻമാർക്കായി 20 ബെഡുകളും സ്ത്രീകൾക്കായി 16 ബെഡുകളുമാണ് സജ്ജമാക്കുന്നത്. ഒബ്സർവേഷൻ മുറികൾ, ട്രയാജ് സംവിധാനം എന്നിവയും ഉടൻ തയ്യാറാക്കും. അതേ സമയം സംഭവം ഉണ്ടായ പി.എം.എസ്.എസ്.വെെ ബ്ലോക്കിലെ എം.ആർ.ഐ മെഷീന്റെ യു.പി.എസ് മുറിയിൽ ഉൾപ്പെടെ പരിശോധന നടക്കുന്നതിനാൽ പുതിയ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഉപകരണങ്ങൾ പഴയ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഇത് വരും ദിവസങ്ങളിൽ സജ്ജമാക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ പഴയ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജമാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ശുചീകരണ പ്രവർത്തനത്തിൽ മെഡി.കോളേജ് വൊളണ്ടിയർമാരും ഡോക്ടർമാരും പങ്കെടുത്തു.
പ്രിൻസിപ്പൽ ഓഫീസ് ഉപരോധിച്ച് ബി.ജെ.പി
കോഴിക്കോട്: മെഡിക്കൽ കോളേജിലുണ്ടായ പൊട്ടിത്തെറിയിൽ പ്രതിഷേധിച്ച് ബി.ജെ.പി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ് ഉപരോധിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക, പരിക്കേറ്റവരുടെ തുടർചികിത്സ ഉറപ്പാക്കുക, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. ജില്ല പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു, ജനറൽ സെക്രട്ടറിമാരായ ടി.വി ഉണ്ണികൃഷ്ണൻ, എം.സുരേഷ്, വൈസ് പ്രസിഡന്റ് ജോയ് വളപ്പിൽ, എം. ജഗനാഥൻ, ദിജിൽ ടി.പി, പ്രവീൺ തളിയിൽ, സുജീഷ് പുതുക്കുടി, കെ.പി .പ്രമോദ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |