തൊടുപുഴ: വേനൽക്കാലം പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ജലസംഭരണികളിലാകെ ശേഷിക്കുന്നത് 37 ശതമാനം ജലം. കഴിഞ്ഞ വർഷം ഇതേസമയം 33 ശതമാനമാണ് ഉണ്ടായിരുന്നത്. 1539.301 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ജലമാണ് അണക്കെട്ടുകളിലുള്ളത്.
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 2340.94 അടിയാണ്. പരമാവധി സംഭരണശേഷിയുടെ 38 ശതമാനമാണിത്. മുൻ വർഷത്തേക്കാൾ മൂന്നുശതമാനം കൂടുതലാണിത്. എന്നാൽ നിലവിൽ ശരാശരി മൂന്നുദിവസം കൂടുമ്പോൾ ഒരടി വീതം ജലനിരപ്പ് താഴുന്നുണ്ട്. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഇപ്പോൾ ശരാശരി 10 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഇവിടെ ആറ് ജനറേറ്ററും പ്രവർത്തനക്ഷമമാണ്.
വേനൽ ശക്തമായ കഴിഞ്ഞ രണ്ടുമാസത്തിനിടെ, 18 ശതമാനത്തോളം ജലം അണക്കെട്ടുകളിലാകെ താഴ്ന്നു. വേനൽമഴ മുൻവർഷങ്ങളേക്കാൾ കനിഞ്ഞത് കാരണമാണ് കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകാത്തത്. ഇതുവരെ 39 ശതമാനം അധിക വേനൽ മഴയാണ് ലഭിച്ചത്. 153 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 213.1 മില്ലി മീറ്റർ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്- 393 മില്ലിമീറ്റർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ മഴ കിട്ടിയത് കണ്ണൂർ ജില്ലയിലാണ്. 72.3 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 170.5 കിട്ടി. കുറവ് ഇടുക്കിയിലാണ്. 215.9 മില്ലിമീറ്റർ ലഭിക്കേണ്ടപ്പോൾ 203.5 മാത്രമാണ് കിട്ടിയത്.
വൈദ്യുതി ഉപഭോഗം കൂടിയില്ല
പകൽ കനത്ത ചൂടാണെങ്കിലും വൈകിട്ട് മഴ പെയ്യുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കാര്യമായി വർദ്ധിച്ചിട്ടില്ല. 93.613 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതിൽ 70.6343 ദശലക്ഷം യൂണിറ്റ് പുറമേ നിന്ന് വാങ്ങി. 22.9787 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആഭ്യന്തര ഉത്പാദനം. ഇതിൽ 8.633 ദശലക്ഷം യൂണിറ്റ് ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്നും 4.965 ദശലക്ഷം യൂണിറ്റ് ശബരിഗിരി പദ്ധതിയിൽ നിന്നുമാണ്. കഴിഞ്ഞ വർഷം മേയിലാണ് സംസ്ഥാനത്തെ റെക്കാഡ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത് - 115.948 ദശക്ഷം യൂണിറ്റ്. മാർച്ച് 29ന് രേഖപ്പെടുത്തിയ 103.177 ദശലക്ഷം യൂണിറ്റാണ് ഇതുവരെ ഈ വേനൽക്കാലത്തെ ഏറ്റവും വലിയ വൈദ്യുതി ഉപഭോഗം.
പ്രധാന ഡാമുകളിലെ ജലനിരപ്പ് (ശതമാനത്തിൽ)
ഇടുക്കി- 38
പമ്പ- 37
ഷോളയാർ- 33
ഇടമലയാർ- 31
കുണ്ടള- 70
മാട്ടുപ്പെട്ടി- 40
കുറ്റിയാടി- 50
തരിയോട്- 22
പൊന്മുടി- 65
നേര്യമംഗലം- 64
പെരിങ്ങൽ- 35
ലോവർ പെരിയാർ- 74
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |