കൊല്ലം: ജില്ലയിൽ പത്ത് മാസത്തിനിടെ നായ്ക്കളുടെ കടിയേറ്റത് 28,287 പേർക്ക്. ഇതിൽ തെരുവ് നായ്ക്കളും വളർത്തുനായ്ക്കളും ഉൾപ്പെടുന്നു. രണ്ട് പേർ ഈ കാലയളവിൽ പേവിഷ ബാധയേറ്റ് മരിച്ചു.
നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുക്കുന്ന പദ്ധതിയും തെരുവ് നായ വന്ധ്യംകരണവും മെല്ലെപ്പോക്കിലാണ്. മാസത്തിൽ മൂന്നോ നാലോ കേന്ദ്രങ്ങളിൽ മാത്രമാണ് പ്രതിരോധ കുത്തിവയ്പ് നടക്കുന്നത്. കൊല്ലം കോർപ്പറേഷനിൽ മാത്രമാണ് തെരുവ് നായ വന്ധ്യംകരണം സ്ഥിരമായി നടക്കുന്നത്.
ഉടൻ വാക്സിനെടുക്കണം
നായയുടെയോ പൂച്ചയുടെയോ കടിയേറ്റാൽ ഉടൻ തന്നെ പേവിഷ പ്രതിരോധത്തിനുള്ള ഇന്റാ ഡെർമൽ റാബിസ് വാക്സിനെടുക്കണം. റാബ്ഡോ എന്ന വൈറസാണ് പേവിഷബാധയ്ക്ക് ഇടയാക്കുന്നത്. നായയുടെയോ പൂച്ചയുടെയോ ഉമിനീരിൽ നിന്നും മുറിവുകളിലൂടെയുമാണ് വൈറസ് മനുഷ്യശരീരത്തിൽ എത്തുന്നത്. പിന്നീട് ഞരമ്പുകളിലൂടെ തലച്ചോറിലെത്തും. തലച്ചോറിനോട് അടുത്ത ശരീരഭാഗങ്ങളിലാണ് കടിയേൽക്കുന്നതെങ്കിൽ വൈറസ് വേഗത്തിൽ തലച്ചോറിലെത്തും. അതുകൊണ്ട് മുഖത്തോ, കൈകളിലോ കടിയേറ്റാൽ ഇമ്മ്യൂണോ ഗ്ലോബുലിനോ സിറമോ കുത്തിവയ്ക്കണം.
താവളമൊരുക്കണം
ജനങ്ങളെ ആക്രമിക്കുന്നത് ഒഴിവാക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തെരുവ് നായ്ക്കൾക്കായി സുരക്ഷിത താവളം ഒരുക്കണമെന്ന ആവശ്യമുണ്ട്. കാര്യമായ ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽ താവളം സജ്ജമാക്കി ഭക്ഷണം അടക്കം എത്തിക്കണം. നിലവിൽ വന്ധ്യംകരണത്തിനായി പിടിക്കുന്ന തെരുവ് നായ്ക്കളെ നിശ്ചിത ദിവസത്തിന് ശേഷം അതേ സ്ഥലത്ത് ഉപേക്ഷിക്കുകയാണ്. എല്ലായിടത്തും ഒരുപോലെ നടക്കാത്തതിനാൽ വന്ധ്യംകരണം കൊണ്ടും കാര്യമായ പ്രയോജനമില്ലാത്ത അവസ്ഥയാണ്.
ജില്ലയിൽ
(മാസം, നായയുടെ കടിയേറ്റവർ, പൂച്ചയുടെ കടിയേറ്റവർ)
ജൂൺ- 2672, 3063
ജൂലൈ- 2247, 2701
ആഗസ്റ്റ്- 2608, 3076
സെപ്തംബർ- 2613, 2824
ഒക്ടോബർ- 2474, 2819
നവംബർ- 2741, 3041
ഡിസംബർ- 2820, 3053
ജനുവരി- 2928, 3304
ഫെബ്രുവരി- 3723, 4050
മാർച്ച്- 3461, 3875
മുന്നിൽ പൂച്ചകൾ
ജില്ലയിൽ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരെക്കാൾ കൂടുതലാണ് പൂച്ചകളുടെ കടിയേൽക്കുന്നവരുടെ എണ്ണം. 10 മാസത്തിനിടെ 31,806 പേർക്കാണ് ജില്ലയിൽ പൂച്ചയുടെ കടിയേറ്റത്. കൊവിഡ് ലോക്ക് ഡൗൺ കാലം മുതൽ പൂച്ചയെ വളർത്തുന്നവരുടെ എണ്ണം ഉയർന്നതാണ് ഇതിന്റെ കാരണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
നായ്ക്കളുടെയോ പൂച്ചകളുടെയോ കടിയേറ്റാലുടൻ തന്നെ പ്രതിരോധ വാക്സിനെടുക്കണം. തലയോട് അടുത്ത സ്ഥലങ്ങളിൽ കടിയേറ്റാൽ കൂടുതൽ ഗൗരവമായി കാണണം
ആരോഗ്യ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |