തൃശൂർ: കാളവണ്ടിയിലും കുതിരവണ്ടിയിലും തൃശൂരിലെത്തിയിരുന്ന പൂരപ്രേമികൾ, ട്രെയിനിൽ തിക്കിത്തിരക്കി എത്താൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയാകുന്നു. തൃശൂർ വഴി ട്രെയിൻ ഗതാഗതം ആരംഭിച്ച ആദ്യ വർഷം മുതൽ തന്നെ റെയിൽവേയും പൂരവും തമ്മിലുള്ള ബന്ധം ആരംഭിച്ചു. 1902ലെ പൂരത്തിന് ശേഷമാണ് ഷൊർണൂർ എറണാകുളം മീറ്റർ ഗേജ് തീവണ്ടിപ്പാത പ്രവർത്തനം തുടങ്ങിയത്. 1903ലെ പൂരത്തിന് പതിവായുള്ള രണ്ട് വണ്ടികൾക്ക് പുറമെ രണ്ട് പ്രത്യേക വണ്ടികൾ ഓടിച്ചിട്ടും പൂരത്തിനുള്ള യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നതിന് 1903 മേയ് 16ലെ പത്രവാർത്ത സാക്ഷ്യം.
1929, 1930 വർഷങ്ങളിൽ സൗത്ത് ഇന്ത്യൻ റെയിൽവേ, പൂരത്തിന് ട്രെയിൻ മാർഗം യാത്ര ചെയ്യാൻ ജനങ്ങളെ ക്ഷണിച്ച് നൽകിയ പരസ്യങ്ങളാണ് മറ്റൊന്ന്. കരമാർഗമുള്ള സഞ്ചാരം തുലോം ദുഷ്‌കരവും ഏറെ സമയം വേണ്ടിയിരുന്നതുമായ അക്കാലത്ത്, താരതമ്യേന വേഗമേറിയതും സുഖകരവും സൗകര്യപ്രദവുമായ ട്രെയിൻ യാത്ര കൂടുതൽ ജനങ്ങളെ പൂരത്തിന് ആകർഷിച്ചിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തം.
പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പുകൾ
പൂരത്തിന് ഒരു നൂറ്റാണ്ടിലധികമായുള്ള പതിവ് ഇക്കുറിയും തെറ്റിക്കാതെ റെയിൽവേ. പൂരത്തിന് ഈ വർഷവും താത്കാലിക സ്റ്റോപ്പുകളും അധിക സൗകര്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം - കണ്ണൂർ ഇൻറ്റർസിറ്റി, കണ്ണൂർ - ആലപ്പുഴ എക്‌സിക്യുട്ടീവ്, തിരുവനന്തപുരം - ഷൊർണൂർ വേണാട്, തൂത്തുക്കുടി - പാലക്കാട് പാലരുവി എന്നീ എക്‌സ്പ്രസ് വണ്ടികൾക്ക് 6, 7 ദിവസങ്ങളിൽ ഇരുദിശകളിലും പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തൃശൂർ, പൂങ്കുന്നം സ്റ്റേഷനുകളിൽ അധിക ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കും. സ്റ്റേഷനുകളിൽ കൂടുതൽ പ്രകാശസംവിധാനം, കുടിവെള്ളം എന്നിവയും ഒരുക്കും. യാത്രികരുടെ സഹായത്തിനും സുരക്ഷയ്ക്കുമായി കൂടുതൽ പൊലീസ്, റെയിൽവേ സുരക്ഷ സേനാംഗങ്ങളെയും റെയിൽവേ ഉദ്യോഗസ്ഥരെയും വിന്യസിക്കും. അനാവശ്യ തിരക്കും സമയനഷ്ടവും ഒഴിവാക്കുന്നതിന് യാത്രികർ 'യു.ടി.എസ് ഓൺ മൊബൈൽ' ആപ്പ് സൗകര്യം ടിക്കറ്റെടുക്കാൻ ഉപയോഗപ്പെടുത്തണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.
പൂരത്തിരക്ക് ഗുണം
പൂരത്തിന് കൂടുതൽ കാണികൾ, റെയിൽവേയ്ക്ക് കൂടുതൽ വരുമാനം എന്ന പരസ്പര ബന്ധം 1903 മുതൽ ഇന്നുവരെ തുടർന്ന് വരുന്നു.
-പി.കൃഷ്ണകുമാർ,
ജനറൽ സെക്രട്ടറി,
റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |