തൃശൂർ: 'മേളം കൂട്ടായ്മയാണ്, എല്ലാവരുടെയും സഹകരണമുണ്ടായാലേ വിജയിക്കൂ' ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ മനസ് തുറന്നു. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ മാദ്ധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലഞ്ഞിത്തറയിൽ തന്റെ മൂന്നാം വർഷമാണിതെന്നും അനിയൻ മാരാർ പറഞ്ഞു. 'അനിയേട്ടൻ മുഖേനയാണ് തിരുവമ്പാടിയിൽ രണ്ടാം ചെണ്ടക്കാരനായതെ'ന്ന് തിരുവമ്പാടിയുടെ മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാരും മീറ്റ് ദ പ്രസിൽ പറഞ്ഞു.
അനിയേട്ടൻ പാറമേക്കാവിലേക്ക് പോയപ്പോഴാണ് മേളപ്രമാണിയായത്. ചെറിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും നന്നായി കൊട്ടാനായെന്നും ദൈവാനുഗ്രഹമായി കാണുന്നതായും ശങ്കരൻ കുട്ടി മാരാർ വിശദീകരിച്ചു. 'എല്ലാ ഗുരുക്കന്മാർക്കുമൊപ്പം കൊട്ടാനായി... ഈശ്വര കടാക്ഷം, വടക്കുന്നാഥന്റെ അനുഗ്രഹം!' കിഴക്കൂട്ട് അനിയൻ മാരാർ പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ മേളം ഭംഗിയാക്കാനാകുമെന്നാണ് കിഴക്കൂട്ടിന്റെ പ്രത്യാശ.
'നാടകത്തിനൊക്കെ റിഹേഴ്‌സലുണ്ടാകും, എന്നാൽ മേളത്തിന് റിഹേഴ്‌സലൊന്നും ഉണ്ടാകാറില്ല. ഞാൻ വെറും നാലാം ക്ലാസുകാരനാണ്. ഏഴാം തരം പാസായാൽ അദ്ധ്യാപകനാകാമായിരുന്നു. അങ്ങനെയെങ്കിൽ ആരും അറിയാതെ പോയേനെ. അങ്ങനെയാണ് ഒരു കൊച്ചുകലാകാരനായത്.' വാക്കുകളിൽ നർമ്മം കലർത്തി ചേരാനെല്ലൂരിന്റെ വിശദീകരണം.
തിരുവമ്പാടിയിൽ താൻ പണ്ട് കൊട്ടിയ ആളാണെന്നും നിസാര കാര്യത്തിന് പിണങ്ങിപ്പോയിട്ടുണ്ടെന്നും ശങ്കരൻകുട്ടി മാരാർ പറഞ്ഞു. ചേരാനല്ലൂർ ശങ്കരൻകുട്ടിയുണ്ടെങ്കിൽ തിരുവമ്പാടി പ്രമാണിയാകാമെന്ന അനിയേട്ടന്റെ (കിഴക്കൂട്ട് അനിയൻ മാരാർ) വാക്കിലാണ് തനിക്കൊരു സ്ഥാനം വീണ്ടും കിട്ടുന്നത്.' തിരുവമ്പാടിയുടെ പ്രമാണിയായിരിക്കുമ്പോഴും പാറമേക്കാവ് പ്രമാണിയായി മാറിയ കിഴക്കൂട്ടിനോടൊപ്പമുള്ള 55 കൊല്ലത്തെ സൗഹൃദം വാക്കുകളിൽ വ്യക്തം.
പ്രമാണിയാകുമെന്ന് കരുതി, പക്ഷേ...
(കിഴക്കൂട്ട് പറഞ്ഞത്)
36 വർഷം തൃശൂർ പൂരത്തിനായി കൊട്ടിയിട്ടുണ്ട്. 12 വർഷം തിരുവമ്പാടിയിലും ഇപ്പോൾ മൂന്ന് വർഷം പാറമേക്കാവിലും പ്രമാണിയായി. 12 വർഷം എവിടെയും കൊട്ടിയില്ല. കൊട്ടിക്കയറുമ്പോൾ 79 വയസിന്റെ ക്ഷീണമൊക്കെ മറക്കും. 36 വർഷം കഴിഞ്ഞ് പ്രമാണി മാറേണ്ട ഒരു സാഹചര്യം വന്നപ്പോൾ എനിക്ക് കിട്ടേണ്ടതാണെന്ന് വിചാരിച്ചു. പക്ഷേ കിട്ടിയില്ല, അതിൽ പരിഭവമില്ല. ആ സമയം തിരുവമ്പാടിക്കായും കൊട്ടാൻ പോയില്ല. 12 വർഷം ചെറുപൂരങ്ങൾക്ക് മാത്രം കൊട്ടി. ചൂരക്കാട്ടുകര, കണിമംഗലം, കാരമുക്ക് പൂരങ്ങൾക്കായാണ് കൊട്ടിയത്.
ശ്രീമൂലസ്ഥാനം മേളം എന്ന് വിളിക്കാമോ
'ഇലഞ്ഞിച്ചുവട്ടിലായതിനാൽ ആ പേരുണ്ടായി. തിരുവമ്പാടിയുടെ മേളത്തിന് ശ്രീമൂലസ്ഥാനം എന്ന പേര് കൊടുത്താൽ മതി. ഇലഞ്ഞിയേക്കാൾ വലുതല്ലേ ശ്രീമൂലസ്ഥാനം.' ഇലഞ്ഞിത്തറ മേളത്തിന് പ്രാധാന്യം കൂടുതലുണ്ടോയെന്ന ചോദ്യത്തിന് ചേരാനല്ലൂരിന്റെ മറുപടി. 'മേളലോകത്ത് പലരും എന്നെ ആശാനെന്നാണ് വിളിക്കാറ്. ആദ്യം വിളിച്ചത് പെരുവനം കുട്ടൻ മാരാരാണ്.' ചേരാനല്ലൂർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |