ആറ്റിങ്ങൽ: വീടുകളിലും ഏറ്റവും എളുപ്പത്തിൽ വളർത്താവുന്ന പച്ചക്കറിയാണ് മുളക്.പാചകത്തിൽ ഒഴിച്ച് കൂടാനാകാത്ത പച്ചക്കറികളിൽ ഒന്ന്.നാട്ടിൽ ഇപ്പോൾ മുളക് നടാൻ നേരമായി.മഴയെത്തുമ്പോഴേക്കും മുളക് ചെടികൾ കൗമാരം കടക്കണം.മഴക്കാലത്ത് ഏറ്റവും നല്ല വിളവ് തരുന്ന ഒരു പച്ചക്കറികളിൽ പ്രധാനിയാണ് മുളക്. നല്ല വിളവ് കിട്ടാൻ മേയ് ആദ്യം തന്നെ തൈകൾ പറിച്ചു നടണം.നല്ല ഇനങ്ങൾ തന്നെ തിരഞ്ഞെടുക്കണം.
കൃഷിക്ക് മഴക്കാലമാണ് ഏറ്റവും യോജിച്ചതെങ്കിലും,വെള്ളം അല്പം പോലും മുളക് തടത്തിൽ കെട്ടി നിൽക്കാൻ പാടില്ല. മുളകിന്റെ വേര് ഒരുപാടു ആഴങ്ങളിൽ പോകാറില്ല.ആയതിനാൽ നന്നായി കിളച്ച് കട്ടയുടച്ച് ചാണകപ്പൊടിയും അല്പം എല്ലുപൊടി,വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളമായി നൽകണം.വൈകുന്നേരങ്ങളിൽ പറിച്ച് നടാൻ ശ്രദ്ധിക്കണം. ശിഖരങ്ങൾ കൂടുതലുണ്ടാകാൻ ആവശ്യമെങ്കിൽ നട്ട് 30 ദിവസം കഴിയുമ്പോൾ മണ്ട നുള്ളിക്കൊടുക്കാം.ആഴ്ചയിൽ ഒരിക്കൽ ഒരു ചെറിയ വളപ്രയോഗം നടത്തണം. ചെടിത്തടത്തിൽ ഉണങ്ങിയ കരിയിലകൾ നിർബന്ധം.
നല്ല ഇനങ്ങൾ ഏതൊക്കെ
ജ്വാലാ മുഖി (സാമ്പാർ മുളക്),ബിഗിലേ,ഭാഗ്യലക്ഷ്മി (നീണ്ട മുളക്),അനുഗ്രഹ,അതുല്യ,സമൃദ്ധി,തേജസ്
നട്ടു 35-40 ദിവസം കഴിയുമ്പോൾ പൂവിടാൻ തുടങ്ങും.മുളകുകൾ ചെടിയിൽ നിന്ന് പഴുക്കാൻ അനുവദിച്ചാൽ ഉത്പാദനം കുറയും.മിതമായ നന നൽകാൻ ശ്രദ്ധിക്കുക ഇല്ലെങ്കിൽ വേര് പെട്ടെന്ന് അഴുകും. വളം കൂടിയാലും അഴുകും. മണ്ണിൽ വേണ്ടത്ര വായുസഞ്ചാരം ഇല്ലെങ്കിൽ ഫംഗൽ രോഗങ്ങൾ വേഗം വരും. ചെടിയിൽ തട്ടാത്ത രീതിയിൽ കരിയിലകൾ കൊണ്ട് തടത്തിൽ പുതയിടുക. ഇപ്പോൾ നട്ടാൽ ഓണത്തിന് മുളക് വിൽക്കുകയും ചെയ്യാം. നന്നായി പരിപാലിച്ചാൽ എട്ടുമാസം മുതൽ ഒരു കൊല്ലം വരെ വിളവ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |