കോതമംഗലം: പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞത് കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. കിലോയ്ക്ക് 15 രൂപയാണ് കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന പരമാവധി വില. ഇത് മൂന്നു മാസം മുമ്പ് 60 രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയം 30 രൂപ വരെ ലഭിച്ചിരുന്നു. വിലയിടിവ് കാരണം വിളവെടുത്ത പൈനാപ്പിൾ തോട്ടങ്ങളിൽത്തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. വിളവെടുപ്പിന് വരുന്ന കൂലി പോലും പൈനാപ്പിൾ വിറ്റാൽ കിട്ടാത്ത അവസ്ഥയാണ്. കോതമംഗലം താലൂക്കിൽ നൂറുകണക്കിന് ഹെക്ടർ സ്ഥലത്ത് പൈനാപ്പിൾ കൃഷിയുണ്ട്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കർഷകരും അന്യസംസ്ഥാന തൊഴിലാളികളും ഇവിടെ ധാരാളമാണ്.
കാനികളുടെ വില കൂടി
നടീൽ വസ്തുവായ കാനിയുടെ വില 200 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾ പൈനാപ്പിൾ കൃഷിക്ക് നല്ല കാലമായിരുന്നു. കർഷകർക്ക് മികച്ച വരുമാനം ലഭിച്ചു. ഇതിന്റെ ഫലമായി കൃഷിസ്ഥലത്തിന്റെ പാട്ടം ഇരട്ടിയോളം വർദ്ധിച്ചു. ഇപ്പോഴത്തെ വിലയിടിവിന്റെ ആഘാതം കനത്തതാകാൻ ഇതും ഒരു കാരണമാണ്.
തിരിച്ചടിയായത് മാമ്പഴക്കാലം
മാമ്പഴക്കാലം വന്നതാണ് പൈനാപ്പിളിന്റെ ഡിമാൻഡ് കുറച്ചത്. വിപണിയിൽ മാമ്പഴത്തിന്റെ ലഭ്യത കൂടിയതോടെ ആളുകൾ അതിലേക്ക് ശ്രദ്ധതിരിച്ചു. ആവശ്യക്കാർ കുറഞ്ഞതോടെ പൈനാപ്പിളിന്റെ വില സ്വാഭാവികമായും ഇടിഞ്ഞു. എന്നാൽ, ഈ വിലക്കുറവ് മുതലെടുത്ത് സ്‌ക്വാഷ്, ജാം തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾ കൂടുതൽ പൈനാപ്പിൾ വാങ്ങുന്നുണ്ട്. ഇത് പൈനാപ്പിൾ വിപണിയിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കിയിട്ടുണ്ട്. മാമ്പഴക്കാലം അവസാനിക്കുന്നതോടെ പൈനാപ്പിളിന് വീണ്ടും നല്ല സമയം വരുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ഇപ്പോഴത്തെ നഷ്ടം നികത്താൻ സാധിക്കുമെന്നും അവർ കണക്കുകൂട്ടുന്നു.
30 ലഭിച്ചിരുന്നു
ഇപ്പോൾ 15 രൂപ
മൂന്നു മാസം മുമ്പ് 60 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |