കോഴിക്കോട്: തെരുവുനായ ശല്യത്തിന് അറുതിവരുത്താൻ കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ പഞ്ചായത്ത്. തെരുവുനായ ശല്യം നഗരത്തിൽ രൂക്ഷമായി തുടരുമ്പോഴും ജില്ലയിൽ ആവശ്യത്തിന് വന്ധ്യംകരണ കേന്ദ്രങ്ങൾ ഇല്ലെന്നത് വലിയ പ്രതിസന്ധിയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം പേവിഷബാധയേറ്റ് 51 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. പ്രതിരോധ വാക്സിനെടുത്തിട്ടും മലപ്പുറത്തെ അഞ്ചുവയസുകാരിക്ക് ജീവൻ നഷ്ടമായതുൾപ്പെടെ ജനങ്ങൾ ആശങ്കയിലാണ്. നിലവിൽ ജില്ലയിൽ രണ്ട് എ.ബി.സി കേന്ദ്രങ്ങൾ മാത്രമാണുള്ളത്. പൂളാടിക്കുന്നിൽ കോർപ്പറേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്നതും മൃഗസംരക്ഷണ വകുപ്പിനുകീഴിൽ ബാലുശേരിയിൽ പ്രവർത്തിക്കുന്നതും. ഇവിടെ ദിനം പ്രതി 10 മുതൽ 12 വരെ വന്ധ്യംകരണ ശസ്ത്രക്രിയകളാണ് നടക്കുന്നത്. ശസ്ത്രക്രിയ പൂർത്തിയാക്കി നാലുമുതൽ അഞ്ചു ദിവസത്തിനുള്ളിൽ നായയെ പിടിച്ച സ്ഥലത്തിൻ്റെ ആറ് കിലോമീറ്റർ ചുറ്റളവിൽ അതിനെ തിരിച്ചു കൊണ്ടുവിടുകയാണ് പതിവ്. ആവശ്യത്തിന് ജീവനക്കാരും ഇവിടെയുണ്ട്. എന്നിട്ടും ക്രമാതീതമായി വർദ്ധിക്കുന്ന തെരുവുനായകളെ വന്ധ്യംകരിക്കാൻ കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങാനാണ് ജില്ലാ പഞ്ചായത്തിൻ്റെ നീക്കം.
ഓരോ ബ്ലോക്കിന് കീഴിലും ഒരു എ.ബി.സി സെന്റർ
ഓരോ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഒരു എ.ബി.സി സെൻ്റർ വീതം സജ്ജമാക്കാനാണ് ജില്ലാ പഞ്ചായത്ത് നീക്കം. ഇതിനായി ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി പണി ആരംഭിച്ച പേരാമ്പ്രയിലെ എ.ബി.സി സെൻ്ററിൻ്റെ 90 ശതമാനം ജോലികളും പൂർത്തിയാക്കി. ബാക്കി പ്രവർത്തനങ്ങൾക്കുള്ള തുക 2025 ലെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ബഡ്ജറ്റുകളിൽ നീക്കിവെച്ചിട്ടുണ്ട്. നാല് മാസത്തിനകം സെൻ്റർ പ്രവർത്തനമാരംഭിക്കുമെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു പറഞ്ഞു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ കായക്കൊടിയിലും പന്തലായനി ബ്ലോക്കിന് കീഴിൽ ചെങ്ങോട്ടുകാവിലും എ.ബി.സി സെൻ്ററിനായി സ്ഥലം കണ്ടത്തിയിട്ടുണ്ട്. ഇവിടെ ഉടൻ ജോലികളും ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ ഇവ പൂർണ സജ്ജമാവും. ദിനം പ്രതി 15 നായ്ക്കളെ വരെ വന്ധ്യംകരിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്. ബാലുശ്ശേരിയിലെ വെറ്റിനറി ആശുപത്രിയിൽ കൂടുതൽ വന്ധ്യംകരണ ശസ്ത്രക്രിയകൾക്കുള്ള സജ്ജീകരണങ്ങളും തയ്യാറാക്കുന്നുണ്ട്.
'' എല്ലാ ബ്ലോക്ക് പഞ്ചായത്തിലും എ.ബി.സി സെൻ്ററുകൾ സ്ഥാപിക്കാനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നത്. എന്നാൽ പലയിടത്തും സ്ഥലമില്ലാത്തതാണ് പ്രതിസന്ധി. സ്ഥലം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. പ്രദേശവാസികളുടെ സഹകരണവും ഇക്കാര്യത്തിൽ ആവശ്യമാണ് ''
- വി.പി ജമീല, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, കോഴിക്കോട് ജില്ലാ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |