കോഴിക്കോട്: പ്രമേഹവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ രോഗ നിയന്ത്രണത്തിന് തടസമാകുന്നതായി ഡോക്ടർമാർ. രക്തത്തിൽ ഇൻസുലിന്റെ അളവോ അതിന്റെ പ്രവർത്തന ശേഷിയോ കുറയുന്നത് മൂലമുള്ള ടെെപ്പ് 2 പ്രമേഹ രോഗികളിൽ 30 ശതമാനത്തോളം പേർക്ക് തെറ്റിദ്ധാരണകളുണ്ട്. ഇത് നിമിത്തം രോഗികളുടെ എണ്ണവും മരണവും കൂടുന്നു.
ലക്ഷണമൊന്നുമില്ലാത്തതുകൊണ്ട് മരുന്നു കഴിക്കേണ്ടെന്ന് പലരും തെറ്റിദ്ധരിക്കുന്നു. ഭൂരിഭാഗം രോഗികളിലും ലക്ഷണമുണ്ടാകാറില്ല. മരുന്ന് കഴിച്ച് പ്രമേഹം നിയന്ത്രണത്തിലായാൽ മരുന്ന് നിറുത്താമെന്നതും ശരിയല്ല. ഇത് പ്രമേഹം വർദ്ധിപ്പിക്കും. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്ന് കുറയ്ക്കരുത്. നിറുത്തുകയുമരുത്. മരുന്ന് കഴിച്ചാൽ വൃക്ക തകരാറിലാകുമെന്നതും തെറ്റിദ്ധാരണയാണ്. മരുന്ന് കഴിച്ച് പ്രമേഹം നിയന്ത്രിച്ചില്ലെങ്കിലാണ് കുഴപ്പം. പ്രമേഹ മരുന്നുകൾ ഹാനികരമല്ലെന്ന് പരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.പഴങ്ങൾ കഴിക്കരുതെന്നതും തെറ്റിദ്ധാരണയാണ്. പഴങ്ങളിൽ നിന്ന് വെെറ്റമിനുകളും ആന്റി ഓക്സിഡന്റുകളും കിട്ടും. ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, പിയർ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂട്ടില്ല. ചക്കപ്പഴവും മാമ്പഴവും മിതമായി കഴിക്കാം. പ്രധാന ഭക്ഷണത്തിന്റെ കൂടെയല്ലാതെ കഴിക്കുന്നതാണ് നല്ലത്. നാരുകളില്ലാത്തതിനാൽ ജ്യൂസുകൾ ഒഴിവാക്കണം.
അരിഭക്ഷണം ഒഴിവാക്കേണ്ട
അരിഭക്ഷണം പൂർണമായി ഒഴിവാക്കേണ്ട. ശരീരത്തിലെത്തുന്ന കാർബോ ഹെെഡ്രേറ്റിന്റെ അളവ് കുറയ്ക്കുകയാണ് വേണ്ടത്. നാരുകളുള്ള ബ്രൗൺ അരിയാണ് നല്ലത്. വെള്ളയരിയിൽ നാര് കുറവാണ്. ചെറുപ്രായത്തിലേ പ്രമേഹത്തിന് ഉടൻ മരുന്ന് കഴിക്കേണ്ടെന്നതും തെറ്റിദ്ധാരണയാണ്. ടെെപ്പ് 2 പ്രമേഹം കുട്ടികളിലും യുവാക്കളിലും കാണാറുണ്ട്.
പ്രമേഹാനുബന്ധ രോഗങ്ങൾ
ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, അന്ധത, ലിവർ സിറോസിസ്
പ്രമേഹാനുബന്ധ മരണങ്ങൾ
2021.....10.91%
2022.....12.61%
2023.....26.44%
2024.....28.04%
കേരളത്തിൽ പ്രമേഹബാധിതർ: ജനസംഖ്യയുടെ 42%
'തുടക്കത്തിലേ പ്രമേഹം നിയന്ത്രിക്കുന്നവർക്ക് സങ്കീർണതകൾ ഒഴിവാക്കാം. നാരുകൾ ധാരാളമുള്ള ഭക്ഷണം പ്രമേഹം കുറയ്ക്കും'
ഡോ. ശ്രീജിത്ത് എം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |