ആലപ്പുഴ: നീറ്റ് യു.ജി പരീക്ഷാർത്ഥികളിൽ ഹാൾ ടിക്കറ്റിൽ പതിക്കാൻ ഫോട്ടോയില്ലാതെ വന്നതോടെ ചിലർ നെട്ടോട്ടമായി. ടിക്കറ്റിന്റെ രണ്ടാമത്തെ പേജിൽ പാസ്പോർട്ട് സൈസിനെക്കാൾ വലുപ്പമുള്ള ഫോട്ടോ പതിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇത് ശ്രദ്ധിക്കാതെ വന്ന നിരവധി പരീക്ഷാർത്ഥികളാണ് സ്റ്റുഡിയോകൾ തേടി അലഞ്ഞത്. ഞായറാഴ്ച്ചയായതിനാൽ പ്രതിസന്ധിയുടെ ആക്കം കൂടി. പലരും സ്റ്രുഡിയോകളിൽ പതിച്ചിരുന്ന നമ്പരുകളിൽ വിളിച്ച് സ്ഥാപനം തുറന്നാണ് ഫോട്ടോ പ്രിന്റെടുത്തത്. ഇന്നലെ അതിരാവിലെ മുതൽ തന്നെ പൊതുഗതാഗത സംവിധാനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയിൽ 27 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു പരീക്ഷാകേന്ദ്രങ്ങൾ. ഡ്രസ് കോഡ് പാലിച്ചാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും കേന്ദ്രങ്ങളിലെത്തിയത്. ആഭരണങ്ങളും മറ്റും ധരിച്ചെത്തിയവർ രേഖകൾ പരിശോധിക്കും മുമ്പ് തന്നെ ഇവ മാറ്റി. 8427 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. പല പരീക്ഷാകേന്ദ്രങ്ങൾക്ക് സമീപവും തണലില്ലാത്തത് പരീക്ഷാർത്ഥികൾക്കൊപ്പമെത്തിയ രക്ഷിതാക്കളെ വലച്ചു. കൂൾ ഓഫ് ടൈമും പരീക്ഷാ സമയവും ഉൾപ്പടെ മൂന്ന് മണിക്കൂറിലധികം ഉള്ളതിനാൽ പല രക്ഷിതാക്കളും തണൽ തേടി ദൂരെ സ്ഥലങ്ങളിലേക്ക് നീങ്ങി. ചിലർ സമീപത്തെ ഹോട്ടലുകളെ ആശ്രയിച്ചു. വൈകിട്ട് 5 മണിക്ക് പരീക്ഷ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |