പിറ്റ് എൻ.ഡി.പി.എസ് ആക്ട് നടപ്പിലാക്കാൻ പൊലീസ്
കാസർകോട്: മയക്കുമരുന്ന് കേസിൽ പ്രതിയാകുന്നവരെ സർക്കാർ ഉത്തരവ് പ്രകാരം അറസ്റ്റുചെയ്ത് കരുതൽ തടങ്കലിലാക്കാൻ പൊലീസ്. മയക്കുമരുന്ന് സംഘത്തെ അമർച്ച ചെയ്യാനായി രൂപീകരിച്ച പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റുചെയ്താണ് കരുതൽ തടങ്കലിലാക്കുക.
ഇത്തരത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു പേരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ മഞ്ചേശ്വരം മുളിഞ്ചേ ഗ്രാമം പത്വാടിയിലെ അൽഫലാഹ് മൻസിലിൽ അസ്‌ക്കർ അലി, ബഡാജെയിലെ സൂരജ് റായി എന്നിവരെയാണ് ഇപ്രകാരം തടങ്കലിലിട്ടിരിക്കുന്നത്.
മഞ്ചേശ്വരം പൊലീസ് പരിധിയിൽ നിന്ന് 3407 ഗ്രാം എം.ഡി.എം.എ യും 642.65 ഗ്രാം കഞ്ചാവും പിടികൂടിയ കേസിലും മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ 49.30 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലും പ്രധാന പ്രതിയാണ് അറസ്റ്റിലായ അസ്‌ക്കർ.
ഏപ്രിൽ 25-നാണ് മഞ്ചേശ്വരം പൊലീസ് സൂരജ് റായിയെ അറസ്റ്റ് ചെയ്തത്. പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ അറസ്റ്റായിരുന്നു അത്. ലഹരി കടത്ത് സംഘത്തിൽ പ്രവർത്തിക്കുകയും വില്പന നടത്തുകയും ചെയ്യുന്നവർക്കെതിരെ തുടർന്നും കർശന നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
പി.ഐ.ടി എൻ.ഡി.പി.എസ് ആക്ട്
രാജ്യത്ത് മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും അനധികൃത കടത്ത് തടയുക എന്ന ലക്ഷ്യത്തോടെ 1988ൽ ഇന്ത്യ ഗവണ്മെന്റ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (പി.ഐ.ടി എൻ.ഡി.പി.എസ് ആക്ട് ) നടപ്പാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ നിയമം അനുവദിക്കുന്നു. തടങ്കൽ കേസുകൾ അവലോകനം ചെയ്യാനും തടങ്കൽ തുടരണോ അതോ വിട്ടയക്കണോ എന്ന് ശുപാർശ ചെയ്യുന്നതിനമായി പ്രത്യേകം ചുമതലപ്പെടുത്തിയ ഉപദേശക സമിതിയുണ്ട്. സർക്കാരിന്റെ പ്രത്യേക ഉത്തരവു പ്രകാരമാണ് തടങ്കലിലിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |