ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ രണ്ട് ഘട്ടമായി നടത്തുമെന്ന സൂചനകൾ പുറത്തുവന്നതോടെ, അരങ്ങൊരുക്കി മുന്നണികൾ. വാർഡ് വിഭജന നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ, വാർഡുതലങ്ങളിലുൾപ്പെടെ പ്രവർത്തനം സജീവമാക്കാൻ ഭരണ, പ്രതിപക്ഷ മുന്നണികൾ തയ്യാറെടുപ്പുകൾ തുടങ്ങി. വോട്ടർപട്ടികയിൽ പേരുചേർക്കുന്നതുൾപ്പെടെയുള്ള നടപടികളിൽ കൂടുതൽ യുവാക്കളെ പ്രവർത്തനരംഗത്ത് കൊണ്ടുവരുന്നത് ഉൾപ്പടെയുള്ള ശ്രമങ്ങളും നേതൃതലത്തിൽ നടക്കുന്നുണ്ട്.
എൽ.ഡി.എഫ്
ഭരണകക്ഷിയായ ഇടതുമുന്നണി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിൽ പ്രചരിപ്പിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം മൂന്നാം പിണറായി സർക്കാരിനും അനുകൂലമായ ജനവിധി നേടാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലയിലെ നാലാം വാർഷികാഘോഷത്തിലുൾപ്പെടെ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ഇടതു നേതാക്കളുടെയും ജനപ്രതിനിധികളുടെയും ശ്രമം. വാർഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയിൽ പരമാവധി ഒരുലക്ഷം പേരെ പങ്കെടുപ്പിച്ച് പടുകൂറ്രൻ പ്രകടനമുൾപ്പെടെ നടത്തി വാർഷികാഘോഷവും വികസന പ്രവർത്തനങ്ങളും ജനമനസുകളിൽ നിറയ്ക്കുകയാണ് ലക്ഷ്യം.
യു.ഡി.എഫ്
പ്രധാന പ്രതിപക്ഷകക്ഷിയെന്ന നിലയിൽ സർക്കാരിന്റെ ഭരണപരാജയവും അഴിമതികൾക്കുമെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന കളക്ട്രേറ്റ് വളയലിന്റെ ഭാഗമായി നാളെ ആലപ്പുഴയിലും കളക്ട്രേറ്റ് വളഞ്ഞ് പിണറായി സർക്കാരിനും ഇടതുമുന്നണിക്കുമെതിരായ പടയൊരുക്കത്തിലൂടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് അണികളെ സജീവമാക്കാനാണ് കോൺഗ്രസ് നീക്കം. വാർഡ്, മണ്ഡലം, ബ്ളോക്ക് ഭാരവാഹിപ്പട്ടികയിൽ അന്തിമ തീരുമാനമുണ്ടാക്കാനോ, കുടുംബ സംഗമങ്ങൾ പൂർത്തിയാക്കാനോ കഴിഞ്ഞിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മുമ്പെന്നത്തേക്കാളും കോൺഗ്രസും മുന്നണിയും സജീവമാണെന്നാണ് നേതാക്കളുടെ അവകാശവാദം. നിലവിലെ സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനുമുള്ള തന്ത്രങ്ങളാണ് പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്.
എൻ.ഡി.എ
കഴിഞ്ഞദിവസം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിത കേരളം കൺവെൻഷനാണ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുളള ബി.ജെ.പിയുടെ പ്രവർത്തനത്തിന്റെ ഊർജം. നേതാക്കൾക്കും അണികൾക്കും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനുള്ള ആവേശം പകർന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെയും വൈസ് പ്രസിഡന്റും ലോക്സഭാ സ്ഥാനാർത്ഥിയുമായിരുന്ന ശോഭാ സുരേന്ദ്രന്റെയും പ്രസംഗങ്ങൾക്ക് പിന്നാലെ പാർട്ടി പരിപാടികളിലും പ്രതിഷേധങ്ങളിലും താഴെത്തട്ടുവരെയുള്ള നേതാക്കൾക്കും അണികൾക്കും പുറമേ മുഴുവൻ പേരെയും അണിനിരത്തി ജനവിധി അനുകൂലമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |