കാസർകോട്: ബേഡകത്തു യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും വിവരമറിഞ്ഞെത്തിയ പൊലീസുകാരനെയും മറ്റൊരാളെയും ആക്രമിക്കുകയും ചെയ്ത ശേഷം ഒളിവിൽ പോയ സഹോദരന്മാരെ കന്യാകുമാരിയിലെ ഒരു ലോഡ്‌ജിൽ നിന്ന് ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജിന്റെയും ബേഡകം ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പിടികൂടി.
മുന്നാട് അരിച്ചെപ്പ് പുളിക്കാൽ ഹൗസിലെ ജിഷ്‌ണു സുരേഷ് എന്ന ജിത്തു (24), സഹോദരൻ വിഷ്‌ണു സുരേഷ് (25) എന്നിവരെയാണ് പിടികൂടിയത്. ഇവരുമായി പൊലീസ് സംഘം കാസർകോട്ട് എത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാസം 19ന് രാത്രി ബേഡകം കാഞ്ഞിരത്തിങ്കാൽ കുറത്തിക്കുണ്ടിൽ അദ്ധ്യാപക ദമ്പതികളുടെ വീട്ടിലെത്തി ഇവർ ബഹളമുണ്ടാക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവരെ തടയാൻ ശ്രമിച്ച സരീഷിനെ ഇവർ കുത്തിക്കൊല്ലാൻ ശ്രമിച്ചു. ഇതിനിടയിൽ സ്ഥലത്തെത്തിയ പൊലീസിനെയും സഹോദരന്മാർ അക്രമിക്കുകയായിരുന്നു. തുടർന്നു അക്രമികളെ പിടികൂടാൻ ശ്രമിച്ച പൊലീസിനെ അവർ വാൾ വീശി പിന്തിരിപ്പിച്ചു. ബേഡകം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സൂരജിന് വെട്ടേറ്റു. ആക്രമണത്തിൽ പരിക്കേറ്റ സരീഷിനെ ഗുരുതരനിലയിൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നു.
രക്തംപുരണ്ട വസ്ത്രങ്ങളും ആയുധവും ഉപേക്ഷിച്ചു സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി ബേഡകം ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികയായിരുന്നു. ആദ്യ ദിവസം സംഭവ സ്ഥലത്തിനടുത്തെ കാട്ടിനുള്ളിൽ ഇവരുടെ ലോക്കേഷൻ സൈബർ പൊലീസ് കണ്ടെത്തിയിരുന്നു. പിറ്റേന്ന് ഇവരെ സുള്ള്യയിൽ കാണപ്പെട്ടതായി പറഞ്ഞു. പിന്നീട് യാതൊരുവിവരവും ഉണ്ടായിരുന്നില്ല. പ്രതികൾക്കായി പൊലീസ് ഇവരുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ശേഷം അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രത്യേക അന്വേഷണ സംഘം കന്യാകുമാരിയിൽ നിന്നു പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |