ആലത്തൂർ: കൊയ്ത്ത് സജീവമായിരുന്ന ഏപ്രിൽ മാസം അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ പാടത്ത് കൂട്ടിയിട്ട വൈക്കോലുകൾ വ്യാപകമായി നശിച്ചത് ക്ഷാമത്തിനും വിലവർദ്ധനയ്ക്കും കാരണമായി. കൊയ്ത്ത് ആരംഭിച്ച സമയത്ത് ഒരുകെട്ടിന് 50 മുതൽ 70 രൂപവരെയായിരുന്നു വൈക്കോൽ വില. ഇപ്പോഴത് 200 മുതൽ 225 രൂപ വരെയായി. വില ഇനിയും ഉയരുമെന്നും 400 രൂപവരെയാകുമെന്നുമാണ് കച്ചവടക്കാർ പറയുന്നത്. ഒന്നാംവിള കൊയ്ത്തു സമയത്ത് മഴ ഉണ്ടാകുമെന്നതിനാൽ വൈക്കോൽ ചുരുളാക്കി ശേഖരിക്കാറില്ല. രണ്ടാംവിളയുടെ വൈക്കോലാണ് കന്നുകാലി വളർത്തുന്നവർക്ക് വർഷം മുഴുവൻ ആശ്രയം. ഇവിടെ ലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്ടിൽനിന്നുള്ള വൈക്കോലാണ് ഇനി ആശ്രയം. അവിടെ ചുരുളിന് 120 രൂപവരെയാണ് വില.
കേരളത്തിൽ എത്തിക്കാനുള്ള കയറ്റുകൂലിയും വാഹന വാടകയും കൂട്ടുമ്പോൾ 400 രൂപയെങ്കിലുമാകും. വൈക്കോലിന്റെ ലഭ്യത കുറഞ്ഞാൽ ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാകും. സർക്കാർ സംവിധാനത്തിൽ വൈക്കോൽ മുൻകൂട്ടി സംഭരിച്ച് കർഷകർക്ക് ലഭ്യമാക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ആലത്തൂർ, ചിറ്റൂർ, പാലക്കാട് താലൂക്കുകളിലെ നെൽക്കൃഷി മേഖലകളിലെല്ലാം വേനൽമഴയിൽ പാടത്ത് വെള്ളം നിറഞ്ഞിരുന്നു. കൊയ്ത്തിന് പിന്നാലെ യന്ത്രസഹായത്തോടെ വൈക്കോൽ ചുരുളുകളാക്കി പാടത്തിട്ടിരുന്നതാണ് നശിച്ചത്.
കച്ചവടക്കാർ കർഷകർക്ക് വില നൽകി വാങ്ങിയിട്ടിരുന്നതും കർഷകർ വിൽക്കാനായി ഇട്ടിരുന്നതും ഇതിൽ ഉൾപ്പെടും. വില മുൻകൂട്ടി നൽകിയ കച്ചവടക്കാർക്കെല്ലാം വൻതുക നഷ്ടമുണ്ടായി. വൈക്കോൽ ചുരുളുകൾ നനഞ്ഞാൽ ഉള്ളിൽ പൂപ്പൽ കയറി ചീഞ്ഞ് ഉപയോഗശൂന്യമാകും. ചുരുൾ നിവർത്തി ഉണക്കിയെടുക്കാനാവില്ല. ഷെഡുകളിൽ നനയാതെ സൂക്ഷിക്കാൻ കഴിഞ്ഞവർക്ക് നഷ്ടമുണ്ടായില്ല. വൈക്കോൽ നഷ്ടപ്പെട്ട നെൽക്കർഷകർക്ക് കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയിൽ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. വൈക്കോൽ ഒട്ടും ലഭിക്കാത്ത ക്ഷീരകർഷകർ കച്ചവടക്കാരിൽനിന്ന് ചുരുളിന് 250 രൂപവരെ നൽകിയാണ് വാങ്ങുന്നത്. കൊയ്ത്തുകഴിഞ്ഞാൽ 85 മുതൽ 100 രൂപവരെ വിലയ്ക്ക് മൂന്നടി നീളമുള്ള വൈക്കോൽ ചുരുൾ ലഭിച്ചിരുന്നു. കടത്തുകൂലി ഉൾപ്പെടെ 250 രൂപയ്ക്കാണ് നെന്മാറ, ആലത്തൂർ, കുഴൽമന്ദം മേഖലയിൽ കച്ചവടക്കാർ എത്തിക്കുന്നത്. ഒരുവർഷത്തേക്ക് നൂറുവരെ ചുരുൾ വൈക്കോൽ സൂക്ഷിക്കാറുള്ള കർഷകർ വിലക്കൂടുതൽമൂലം 50 ചുരുളുപോലും വാങ്ങുന്നില്ലെന്ന് പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |