പന്നികൾ ഒാട്ടോറിക്ഷ കുത്തിമറിച്ചു, ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്
പത്തനംതിട്ട: കുളനട ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ആക്രമണം രൂക്ഷം. കഴിഞ്ഞ ദിവസം കാട്ടുപന്നി കുത്തിമറിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട ഡ്രൈവർ ഉള്ളന്നൂർ പാണൻ മുകടിയിൽ രഘുനാഥൻ പിള്ള (56)യുടെ വാരിയെല്ലുകൾ പൊട്ടി. യാത്രക്കാരനായ ഉള്ളന്നൂർ ശങ്കരമംഗലം സുനിൽ (54)ന്റെ കൈ യുടെ ചുമലിലെ എല്ലുകൾ തെന്നിമാറി. ഓട്ടോറിക്ഷയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. ഓട്ടം കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന രഘുനാഥൻ പിള്ള , രോഗിയെ ആശുപത്രിയിലെത്തിക്കാനാണ് രാത്രിയിൽ അയൽവാസിക്കൊപ്പം പോയത്. മടങ്ങിയെത്തുംവഴി കുളനട -പൈവഴി റോഡിൽ തിരുവാഭരണ പാതയ്ക്ക് സമീപം എത്തിയപ്പോൾ റോഡിൽകൂടി കാട്ടുപന്നികൾ പോകുന്നത് കണ്ട് ഒാട്ടോറിക്ഷ നിറുത്തി. പന്നികൾ പോയശേഷം ഓട്ടോറിക്ഷ മുന്നോട്ട് എടുത്തപ്പോഴാണ് ഇവ തിരികെയെത്തി ഓട്ടോറിക്ഷ കുത്തിമറിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കുളനട ടൗൺ വാർഡിൽ ഗ്രാമപഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിന് സമീപം യാത്രക്കാരായ യുവാക്കളെ കാട്ടുപന്നികൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ബിജു, സുജിത്ത് എന്നിവർക്ക് നേരെയാണ് കാട്ടുപന്നികൾ പാഞ്ഞടുത്തത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ഇവർ രക്ഷപ്പെട്ടത്.
ഉള്ളന്നൂർ, മാന്തുക, പനങ്ങാട്, കൈപ്പുഴ, ഉളനാട് എന്നീ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കപ്പ, ചേന, ചേമ്പ്, മധുരക്കിഴങ്ങ് വാഴ, വെറ്റക്കൊടി തുടങ്ങിയ കാർഷിക വിളകളും ഇവ നശിപ്പിക്കുന്നുണ്ട്.
-------------------
ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഗ്രാമപഞ്ചായത്ത് നാല് ഷൂട്ടർമാരെ നിയോഗിച്ചിട്ടുണ്ട്. കർഷകരും പ്രദേശ വാസികളും അറിയിക്കുന്നതനുസരിച്ച് പന്നിശല്യമുണ്ടാകുന്ന സ്ഥലത്ത് സ്ഥിരമായി നിരീക്ഷണം നടത്തുകയും അവയെ വെടിവച്ച് കൊല്ലുകയുമാണ് ചെയ്യുന്നത്.
ബിജു പരമേശ്വരൻ
കുളനട പഞ്ചായത്ത് വാർഡ് അംഗം
----------
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം. ഇവയെ പിടികൂടാൻ ഉപാധി രഹിതമായി കർഷകർക്ക് അനുമതി നൽകണം. എങ്കിൽ മാത്രമെ പന്നികളുടെ ശല്യം നിയന്ത്രിക്കാൻ കഴിയു.
രഘുനാഥൻ പിള്ള , കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |