കരുനാഗപ്പള്ളി: ലോക പുസ്തക ദിനത്തിൽ അഴീക്കൽ ഗവ.ഹൈസ്കൂൾ ഈ വർഷവും പുതുമയേറിയ ധാരാളം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വീട്ടകങ്ങളിലെ വായനക്കൂട്ടം എന്ന പദ്ധതിയുടെ ഭാഗമായി സ്വതന്ത്ര വായനയ്ക്ക് അവസരം ഒരുക്കുന്ന പുസ്തകച്ചില്ലയ്ക്കും ആരംഭമായി. പുസ്തകം തിരഞ്ഞെടുക്കുവാൻ രക്ഷിതാക്കളോടൊപ്പം സ്കൂളിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളായ ആദ വികേഷും സനയും ചേർന്ന് പുസ്തകച്ചില്ലയുടെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ബാലസാഹിത്യ പുരസ്കാര ജേതാവ് മനോജ് അഴീക്കൽ ആദ്ദേഹത്തിന്റെ നക്ഷത്ര മീനുകൾ എന്ന പുസ്തകം നൽകി . ധാരാളം കുട്ടികളും രക്ഷിതാക്കളും പുസ്തകമെടുക്കുവാൻ സ്കൂളിലെത്തി. വർദ്ധിച്ചു വരുന്ന രാസലഹരിയിലും സാമൂഹിക തിന്മകളിലും നിന്ന് പുതുതലമുറയെ അകറ്റി നല്ല വ്യക്തിത്വത്തോടെ വളർന്നു വരുവാൻ വായനയ്ക്ക് വലിയ പങ്കുണ്ട് എന്ന യാഥാർത്ഥ്യം കുട്ടികളോടൊപ്പം രക്ഷികാക്കളെയും ബോധ്യപ്പെടുത്തുന്നതിനായി കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങളും വായനയിൽ പങ്കാളികളാകുന്ന ഒപ്പമിരിക്കാം ഒരുമിച്ച് വായിക്കാം എന്ന പദ്ധതിയ്ക്കും തുടക്കം കുറിച്ചു. സാഹിത്യകാരന്മാർ , ലൈബ്രറി പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ഓൺലൈൻ പുസ്തകപരിചയം , പുസ്തക ചർച്ച , പുസ്തകാസ്വാദനം എന്നിവയും വരും ദിവസങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈൻ കഥാവായന , നോവൽ വായന എന്നിവയ്ക്കും തുടക്കമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |