ന്യൂഡൽഹി : മധുരയിലെ പാർട്ടി കോൺഗ്രസിന് ശേഷമുള്ള സി.പി.എം കേന്ദ്ര കമ്മിറ്രി യോഗം ജൂൺ മൂന്നു മുതൽ അഞ്ചുവരെ നടക്കും. പുതിയ കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങൾക്ക് ചുമതലകൾ തീരുമാനിക്കും. ജാതി സെൻസസ് നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രശംസനീയമെന്ന് ശനിയാഴ്ച ചേർന്ന പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. പ്രതിപക്ഷം ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. സെൻസസിന്റെ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കണം. വഖഫ് ഭേദഗതി നിയമം മതപരമായ ധ്രുവീകരണത്തിനും ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും ബി.ജെ.പി ഉപയോഗിക്കുന്നു. മുസ്ലിം തീവ്ര സംഘടനകൾ ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ജുഡിഷ്യറിയെ വെല്ലുവിളിക്കുന്നു
നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ അടിയാണ്. വിധി അംഗീകരിക്കാതെ ഉപരാഷ്ട്രപതിയും ചില ബി.ജെ.പി നേതാക്കളും ജുഡിഷ്യറിയെ വെല്ലുവിളിക്കുകയാണ്. ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വേട്ടയുടെ മറവിൽ ആദിവാസികളെ ബുദ്ധിമുട്ടിക്കുകയാണെന്നും പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |