തിരുവനന്തപുരം: നിശ്ചിത സമയത്തിനകം സേവനം ലഭ്യമാക്കാനും ഫയൽനീക്കം വേഗത്തിലാക്കാനും ലക്ഷ്യമിട്ട് മോട്ടോർ വാഹനവകുപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഏകീകൃത കൗണ്ടർ സംവിധാനം വിജയം. ഇതോടെ ഇത് സ്ഥിരം സംവിധാനമാക്കി. വകുപ്പിന് ലഭിക്കുന്ന ഓൺലൈൻ അപേക്ഷകൾ ആർ.ടി.ഒ പരിധി നോക്കാതെ തുല്യമായി വിതരണം ചെയ്യുന്ന സംവിധാനമാണിത്. അതായത് കൊച്ചിയിലെ ആർ.ടി ഒാഫീസിൽ ലഭിക്കുന്ന അപേക്ഷ പരിശോധിച്ച് പരിഹരിക്കുന്നത് മറ്റൊരു ജില്ലയിലെ ഓഫീസിലായിരിക്കും. ഇതോടെ അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഒഴിവാകും. ജീവനക്കാരുടെ അമിത ജോലിഭാരവും കുറയും.
അപേക്ഷ നൽകുന്ന ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ല എന്ന കാരണത്താൽ സേവനം വൈകില്ല. ഓൺലൈൻ അപേക്ഷയിൽ ഏത് ആർ.ടി ഓഫീസ് എന്ന് രേഖപ്പെടുത്തണമെന്ന് മാത്രം. സോഫ്ട്‌വെയറിന്റെ സഹായത്തോടെയാണ് അപേക്ഷകൾ തരംതിരിച്ച് നൽകുക. ജോലിഭാരം കൂടുതലുള്ള ഓഫീസാണെങ്കിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവധിയിലാണെങ്കിലോ മറ്റൊരിടത്തേക്ക് അപേക്ഷകൾ ക്രമീകരിച്ച് നൽകാനാകും. ഇതിലൂടെ ഇടനിലക്കാരെ ഒഴിവാക്കാം. അപേക്ഷകർക്ക് ഓഫീസുകളും കയറിയിറങ്ങേണ്ട.
രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലെ മേൽവിലാസം തിരുത്തൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ എൻ.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദുചെയ്യൽ- എൻഡോഴ്സ്‌മെന്റ് തുടങ്ങിയവയാണ് ഏകീകൃത കൗണ്ടറിലെ സേവനങ്ങൾ.
ആധാർ നിർബന്ധമാക്കും
നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന ഒഴികെയുള്ള സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കും. നിലവിൽ വാഹന രജിസ്ട്രേഷൻ, ലൈസൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കു മാത്രമാണിത്. അപേക്ഷകന്റെ മൊബൈലിൽ വരുന്ന ഒ.ടി.പി ഉൾപ്പെടെ പരിശോധിച്ചാകും സേവനം ഉറപ്പാക്കുക. ഇതിലൂടെ ഇടനിലക്കാരുടെ ഇടപെടൽ കുറയ്ക്കാനാകും.
''സംസ്ഥാനത്തെ എല്ലാ ആർ.ടി ഓഫീസുകളും ചേർന്ന് ഒറ്റ കൗണ്ടറായിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഇതിലൂടെ കഴിയും
-സി.എച്ച്. നാഗരാജു,
ട്രാൻസ്പോർട്ട് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |