കൊല്ലം: പേവിഷബാധയെ തുടർന്ന് മരണസംഖ്യ ഉയരുന്നതിൽ ജാഗ്രതാ നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്. പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചിട്ടും രോഗസാദ്ധ്യത ഉയരുന്ന സാഹചര്യത്തിൽ ഫലപ്രദമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദ്ദേശവും നൽകുന്നു
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് പേവിഷബാധ. നായ്ക്കളാണ് പ്രധാന വാഹകർ. പൂച്ച, കുറുക്കൻ, അണ്ണാൻ, കുതിര, വവ്വാൽ, എലി എന്നിവയും രോഗവാഹകരാണ്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേവിഷബാധ വൈറസുകൾ മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷ്മനാ നാഡിയെയും തലച്ചോറിനെയും ബാധിക്കും. യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
പേവിഷബാധയെ സംബന്ധിച്ച് പ്രഥമ ശുശ്രൂഷ വളരെ പ്രധാനമാണ്. പ്രതിരോധ മരുന്നുകൾ പ്രവർത്തിക്കാനെടുക്കുന്ന സമയത്തേക്കാൾ വളരെ വേഗത്തിൽ വൈറവ് തലച്ചോറിനോട് ചേർന്നുള്ള നാഡികളിൽ കയറിപ്പറ്റും. കടിയേറ്റ ഭാഗം പച്ചവെള്ളവും സോപ്പും ഉപയോഗിച്ച് 10-15 മിനിട്ട് കഴുകണം. വൈറസിന്റെ കൊഴുപ്പുകൊണ്ടുള്ള ഇരട്ട ആവരണം നശിക്കുന്നതിന് ഇത് സഹായകമാകും. പലപ്പോഴും മുഖത്തോ തലയിലോ പരിക്കേറ്റാൽ ഇങ്ങനെ കഴുകാറില്ല. ഇത് വൈറസ് വ്യാപനം വേഗത്തിലാക്കും. കൂടാതെ ആദ്യമണിക്കൂറുകൾ വളരെ നിർണായകമാണ്.
തൊലിപ്പുറത്തുള്ള മാന്തൽ, ചെറിയ പോറലുകൾ എന്നിവയുണ്ടെങ്കിൽ ത്വക്കിനടിയിൽ നൽകുന്ന ഇൻട്രാ ഡെർമൽ റാബീസ് വാക്സിൻ (ഐഡിആർവി) എടുക്കണം. 0, 3, 7, 28 ദിവസങ്ങളിൽ നാല് ഡോസ് വാക്സിനാണ് വേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്സിനാണ് "0' ദിവസത്തെ ഡോസ് ആയി പരിഗണിക്കുന്നത്. ഒന്നോ രണ്ടോ വാക്സിനെടുത്ത് നിറുത്താൻ പാടില്ല. മുഴുവൻ ഡോസും കൃത്യമായി പൂർത്തിയാക്കണം. വാക്സിനെടുക്കുന്നതിലൂടെ ശരീരത്തിൽ പേവിഷ വൈറസിനെ പ്രതിരോധിക്കാൻ കഴിവുള്ള ആന്റിബോഡികൾ രൂപപ്പെടും.
വൈറസ് ബുള്ളറ്റിന് സമാനം
ഒരു ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ തല തുളച്ചുകയറാൻ തക്ക ശേഷിയുള്ള ഒരു വെടിയുണ്ടയ്ക്ക് സമാനമായ ആകൃതിയിലാണ് പേവിഷബാധയ്ക്ക് കാരണമായ റാബീസ് ലിസാ വൈറസുകൾ കാണുക
ബയോളജിക്കൽ ബുള്ളറ്റ് എന്ന വിളിപ്പേരും വൈറസിനുണ്ട്
വലിപ്പത്തിൽ ഒരു 9 എം.എം ബുള്ളറ്റിനേക്കാൾ ഒന്നരലക്ഷം മടങ്ങ് ചെറുതാണെങ്കിലും തലച്ചോറിനുള്ളിൽ കയറിയാൽ ശക്തമായ ഒരു ബുള്ളറ്റ് ഉണ്ടാക്കുന്ന അപകടത്തേക്കാൾ തീവ്രമാണ് റാബീസ് വൈറസ് ഉണ്ടാക്കുന്ന വേദനയും മരണവും
റെഡിമെയ്ഡ് പ്രതിരോധം
ആന്റിറാബീസ് വാക്‌സിൻ ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികൾ ഉണ്ടായിവരാൻ കുറഞ്ഞത് പത്ത് ദിവസമെങ്കിലും എടുക്കും. ഈ കാലയളവിൽ വൈറസിനെ വേഗത്തിൽ നേരിട്ട് പ്രതിരോധിക്കാനുള്ള കഴിവ് പേവിഷ പ്രതിരോധ ഘടകങ്ങൾ അടങ്ങിയ ഇമ്യൂണോഗ്ലോബുലിനുണ്ട്. മുറിവേറ്റ ഉടനെ ആന്റിറാബീസ് ഇമ്യൂണോഗ്ലോബുലിൻ സ്വീകരിക്കണം. മുഖം, കഴുത്ത്, കൺപോള, ചെവി തുടങ്ങി തലച്ചോറിനോട് ചേർന്നതും കാൽവെള്ള, വിരലിന്റെ അറ്റം, ജനനേന്ദ്രിയം പോലുള്ള നാഡീതന്തുക്കൾ കൂടുതലുള്ള സ്ഥലങ്ങളിലാണ് കടിയേറ്റതെങ്കിൽ വൈറസ് അതിവേഗം തലച്ചോറിലെത്തും. ഇത് തടയാൻ പരമാവധി ഒരു മണിക്കൂറിനകംതന്നെ ഇമ്യൂണോഗ്ലോബുലിനെടുക്കണം.
നൂറുശതമാനം കൃത്യതയോടെ മൃഗങ്ങളിൽ പേവിഷബാധ നിർണയിക്കാനുള്ള ഫ്ലൂറസന്റ് ആന്റിബോഡി ടെക്നിക് സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. അത് പ്രയോജനപ്പെടുത്തിയാൽ പരമാവധി അപകടങ്ങൾ കുറയ്ക്കാം.
ഡോ. ഡി.ഷൈൻ കുമാർ,
പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ, മൃഗ സംരക്ഷണ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |