കോമഡി വേഷങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് അന്തരിച്ച സുബി സുരേഷ്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് സുബി 2023ൽ മരിച്ചത്. ഇപ്പോഴിതാ മകൾ ആരോഗ്യം നന്നായി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇപ്പോഴും ജീവനോടെയുണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് സുബിയുടെ അമ്മ അംബിക. മകളുടെ വിവാഹത്തിനായുളള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് മരണം സംഭവിക്കുന്നതെന്നും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'സുബിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന രാഹുലുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ്. ആ മകൻ മറ്റൊരു വിവാഹം കഴിക്കുന്നത് കാണാനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഞങ്ങളും നല്ലൊരു കുട്ടിയെ രാഹുലിനായി നോക്കുന്നുണ്ട്. എന്റെ മകനെപോലെയാണ്. രാഹുൽ. സുബിയുടെ വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. സുബി ആരോഗ്യം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നു. അവൾ ഭക്ഷണമൊന്നും കഴിക്കില്ലായിരുന്നു.
മരിക്കുന്നതിന് ഒരു മാസം മുൻപും ഫുൾ ബോഡി ചെക്കപ്പ് നടത്തിയിരുന്നു. അതിൽ കുഴപ്പമൊന്നുമില്ലായിരുന്നു. പത്ത് വർഷം മകൾ സിനിമാല എന്ന പരിപാടി ചെയ്തിരുന്നു. അവസാനം ചെയ്ത പരിപാടിക്കും സുബി 2000 രൂപയാണ് വാങ്ങിയത്. പതിനായിരം രൂപയ്ക്ക് വരെ സുബി വിദേശത്ത് പോയി ഷോ ചെയ്തിട്ടുണ്ട്. കുട്ടിപ്പട്ടാളം എന്ന പരിപാടി ചെയ്ത് തുടങ്ങിയതിനുശേഷമാണ് സുബി രക്ഷപ്പെട്ടത്. അപ്പോൾ നടൻ രമേഷ് പിഷാരടിയാണ് പറഞ്ഞത് ഇനി പരിപാടികൾക്ക് പ്രതിഫലം കൂടുതൽ വാങ്ങണമെന്ന്. അദ്ദേഹം നല്ല പൈസ കൊടുക്കുമായിരുന്നു. രമേഷ് പിഷാരടി കലാകാരൻമാർക്ക് നല്ല വില കൊടുക്കുന്നയാളാണ്.
അവൾ മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു അനാഥാലയത്തെ നന്നായി സഹായിച്ചു. രണ്ടാമത്തെ വർഷമായപ്പോൾ അതുപോലെ ചെയ്യാനുളള പണം കൈവശമുണ്ടായിരുന്നില്ല. അപ്പോൾ വീട്ടിൽ വന്ന ഒരാൾ ഞങ്ങളോട് ചോദിച്ചത് മമ്മൂട്ടിയും മോഹൻലാലും ഒന്നും തന്നില്ലേയെന്നായിരുന്നു. അവർക്ക് രണ്ട് പേർക്കും സുബിയെ നന്നായി അറിയാം. കാണുമ്പോൾ പരസ്പരം കളിയാക്കാറുമുണ്ട്. അവരുമായി ഞങ്ങൾക്ക് നല്ലൊരു ബന്ധമുണ്ട്. പക്ഷെ സഹായം ചോദിച്ച് ഇതുവരെയായിട്ടും പോയിട്ടില്ല. അവൾ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ ഒഴികെ മറ്റ് എല്ലാ വലിയ സംവിധായകൻമാരുടെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സുബി സിനിമകൾ മനഃപൂർവം ഒഴിവാക്കുകയായിരുന്നു. സ്റ്റേജ് പരിപാടികളോടെയായിരുന്നു താൽപര്യം'- അംബിക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |