പാലക്കാട്: ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിനു സമീപത്തെ റോഡ് വിനോദ സഞ്ചാരികളുടെ നടുവൊടിക്കുന്നു. മലമ്പുഴ ഉദ്യാനം മുതൽ കനാൽ പാലം വരെയുള്ള റോഡിലാണ് ഈ ദുരിതയാത്ര. കഴിഞ്ഞ അഞ്ചു വർഷമായി റോഡിലെ സ്ഥിതിയിതാണ്. പാലക്കാട്ടു നിന്ന് മലമ്പുഴ വഴി കഞ്ചിക്കോട് പോകുന്ന പാതയാണിത്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഉദ്യാനത്തിന്റെ മുൻവശം മുതൽ കുഴികളാണ്. രാത്രി സമയങ്ങളിൽ റോഡിലെ കുഴികളിൽ വീണ് അപകടമുണ്ടാകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്. വിനോദസഞ്ചാര കേന്ദ്രമായ കവയിലേക്കുള്ള പ്രധാന പാത കൂടിയാണിത്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൂടുതലായും ഈ വഴിയിലൂടെ ഉദ്യാനത്തിലെത്തുന്നത്. വേനൽ കാലത്ത് റോഡിൽ പൊടിശല്യവും മഴ പെയ്താൽ കുഴികളിൽ വെള്ളക്കെട്ടും രൂക്ഷമാണ്.
നിരവധി തവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെയുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. റോഡിലെ വെള്ളകെട്ട് പരിഹരിച്ച് എത്രയും പെട്ടന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ശ്വാശ്വത പരിഹാരമില്ല
അപകടങ്ങൾ പതിവായപ്പോൾ അധികൃതർ കുഴികളിൽ മണ്ണിട്ടു മൂടിയെന്നെല്ലാതെ ശ്വാശ്വത പരിഹാരം നടത്തിയിരുന്നില്ല. അത് കൊണ്ടു തന്നെ മഴയത്ത് മണ്ണൊഴുകിപ്പോയി റോഡ് പഴയ സ്ഥിതിയാവുകയും ചെയ്തു. കാൽ നടയാത്രക്കാർക്കും റോഡിൽ ദുരിതയാത്രയാണ്. പാലത്തിലെ വെള്ളക്കെട്ട് കാരണം കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാനാവില്ല.
കഞ്ചിക്കോട്-മലമ്പുഴ റോഡ് പുനഃസ്ഥാപിക്കൽ പൂർത്തീകരിച്ചിട്ടുണ്ട്. ഉടൻ ടാർ ചെയ്യാൻ കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ട്.
എം.റസാഖ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |