●26 രൂപയോളം കുറഞ്ഞു
●പൈനാപ്പിൾ പച്ചയ്ക്ക് 24 രൂപ
●പൈനാപ്പിൾ സ്‌പെഷ്യൽ പച്ചയ്ക്ക് 26 രൂപ
പാലക്കാട്: വേനൽമഴ എത്തിയതോടെ കേരളത്തിൽ പൈനാപ്പിൾ വില കുത്തനെ ഇടിയുന്നു. പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 20 ദിവസം കൊണ്ട് പൈനാപ്പിൾ പഴത്തിനും പച്ചയ്ക്കും സ്‌പെഷ്യൽ പച്ചയ്ക്കും കിലോയ്ക്ക് 26 രൂപയോളമാണ് കുറഞ്ഞത്. നിലവിൽ പഴത്തിന് കിലോയ്ക്ക് 27 രൂപ വിലയുണ്ട്. പച്ചയ്ക്ക് 24 രൂപയും സ്‌പെഷ്യൽ പച്ചയ്ക്ക് 26 രൂപയുമാണ് വില. കഴിഞ്ഞ മൂന്നുവർഷത്തേക്കാൾ കുറഞ്ഞ നിരക്കാണിത്. സാധാരണ ഏപ്രിൽ മാസത്തിൽ മികച്ച വില ലഭിക്കുന്നതാണ്.
റംസാൻ കഴിഞ്ഞതോടെ വിപണിയിൽ നിലനിൽക്കുന്ന ചെറിയൊരു മാന്ദ്യമാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. പൈനാപ്പിൾ കേടായി പോകാനുള്ള സാധ്യത കൂടുതലായതിനാൽ കയറ്റുമതി അത്ര മെച്ചമല്ല. അതുകൊണ്ട് തന്നെ ആഭ്യന്തര വിപണിയെ ആശ്രയിച്ചാണ് പൈനാപ്പിൾ കൃഷി നിലനിൽക്കുന്നത്. കേരളത്തിലെ പൈനാപ്പിൾ കൃഷിയുടെ ഹബ് എറണാകുളം ജില്ലയിലെ വാഴക്കുളമാണ്. ഇവിടെ നിന്നാണ് വിവിധ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ മറ്റുമാർക്കറ്റുകളിലേക്ക് ലോഡ് കയറിപ്പോകുന്നത്. ഡൽഹി മാർക്കറ്റിനെ അടിസ്ഥാനപ്പെടുത്തി പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ വില നിർണയിക്കുന്നത്. ജയ്പൂർ, മുംബൈ, കൊൽക്കത്ത, പൂന, മധുര, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വാഴക്കുളം പൈനാപ്പിളിന് ഡിമാൻഡ് ഏറെയാണ്.
50 ശതമാനത്തോളം ഉത്പാദനം വർദ്ധിച്ചു
ഒരവസരത്തിൽ പഴത്തിന്റെ വില 60 രൂപവരെ എത്തുമെന്നാണ് കർഷകർ പ്രതീക്ഷിച്ചത്. പക്ഷേ വേനൽ മഴയാണ് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയത്. മഴ ശക്തമായത് ഉത്പാദനം ഉയർത്തി. കൂടാതെ, ചെലവും കുറഞ്ഞു. ഏകദേശം 50 ശതമാനത്തോളം ഉത്പാദനം വർദ്ധിച്ചതായി കർഷകർ പറയുന്നു. 2021ൽ പഴത്തിന്റെ വില 27 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഓരോവർഷവും വില ഉയർന്നുവരുകയായിരുന്നു. കഴിഞ്ഞ വർഷം കിലോയ്ക്ക് വില 65 രൂപയ്ക്കു മുകളിൽ എത്തിയിരുന്നു. ഇത്തവണ വില ഉയരുമെന്ന പ്രതീക്ഷയിൽ കൂടുതൽപേർ പൈനാപ്പിൾ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.
പാലക്കാട് അഞ്ചെണ്ണം @100
പാലക്കാട് ജില്ലയിലെ മലയോര മേഖലകളിലും പൈനാപ്പിൾ കൃഷിയുണ്ട്. വടക്കഞ്ചേരി, മണ്ണാർക്കാട് എന്നിവടങ്ങിളിലായി ആയിരക്കണക്കിന് പൈനാപ്പിൾ കർഷകരുണ്ട്. നിലവിൽ പാലക്കാട്ടെ വിവിധയിടങ്ങളിൽ 4 എണ്ണം നൂറ്, അഞ്ചെണ്ണം നൂറ് എന്നീ നിലകളിലും വില്പനകൾ സജീവമാണ്. 3,000 കോടി രൂപയിലധികം വലുപ്പമുള്ളതാണ് കേരളത്തിലെ പൈനാപ്പിൾ മാർക്കറ്റ്. സംസ്ഥാനത്ത് 50,000 ഏക്കറിലധികം സ്ഥലത്ത് പൈനാപ്പിൾ കൃഷി ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |