നെല്ലാക്കോട്ട (നീലഗിരി): നെല്ലാക്കോട്ട അങ്ങാടിയിലിറങ്ങിയ കാട്ടാന വീടും വാഹനങ്ങളും തകർത്തു. ഇന്നലെ രാവിലെ 7.15 ഓടെയാണ് കാടിറങ്ങിയ കൊമ്പൻ നാടിനെ വിറപ്പിച്ചത്. സ്ഥിരം ആനശല്യമുള്ള മേഖലയായതിനാൽ നെല്ലാക്കോട്ട വില്ലേജ് ഓഫീസ് പരിസരത്ത് നിന്ന് അങ്ങാടിയിലേക്ക് ഇറങ്ങിയ കാട്ടുകൊമ്പനെ ആരും അത്രകാര്യമാക്കിയില്ല. വന്നതുപോലെ തിരികെ പോകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആന പതുക്കെയിറങ്ങി ടൗണിലെത്തി. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ കുത്തി നീക്കി. ജെനിഫർ എന്നയാളുടെ കാറാണ് ആന കുത്തി നശിപ്പിച്ചത്. മറ്റ് വാഹനങ്ങൾക്ക് നേരെ തിരിഞ്ഞ ആനയെ ഓടിക്കാൻ ആളുകൾ ഒച്ചയുണ്ടാക്കിയതോടെ ജനങ്ങൾക്ക് നേരെ തിരിഞ്ഞു. പതിനഞ്ച് മിനിറ്റോളം അങ്ങാടിയിൽ ഭീതി വിതച്ച ആന പിന്നീട് വനത്തിലേയ്ക്ക് കടന്നു. ആനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നിരവധി പേർക്ക് വീണ് പരിക്കേറ്റു. കൈയ്ക്ക് പരിക്കേറ്റ ഗാന്ധിക്കുന്ന് സ്വദേശി ഷൗക്കത്തിനെ ഗൂഡല്ലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ ഭീതി വിതച്ച കാട്ടാനയെ ഉടൻ പിടികൂടണമെന്നും വസ്തുവകകൾ നഷ്ടപെട്ടവർക്ക് അർഹമായ നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സാ സഹായവും നൽകണമെന്നാവശ്യപ്പെട്ട് നെല്ലാക്കോട്ടയിൽ ജനങ്ങൾ വനം വകുപ്പിനെതിരെ പ്രതിഷേധിച്ചു. ജനവാസ മേഖലയിലിറങ്ങിയ ആനയെ ഉൾ വനത്തിലേയ്ക്ക് തുരത്തുന്നതിന് കുങ്കിയാനയെ ഉടൻ എത്തിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്. ഡിവൈ.എസ്.പി ജയപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു. നെല്ലാക്കോട്ടയിൽ നിന്നുള്ള വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |