കോഴഞ്ചേരി : വീതിക്കുറവും കൊടുംവളവും കാരണം അപകട പാതയായി മാറിയ ചെറുകോൽപ്പുഴ - റാന്നി റോഡ് വികസനത്തിന് വഴിയൊരുങ്ങുന്നു. ശബരിമല തീർത്ഥാടനകാലത്ത് ചങ്ങനാശ്ശേരി മുതലുള്ള തീർത്ഥാടകർ എരുമേലിയിലെത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയാണ്.
കിഫ് ബിയുടെ റോഡ് വികസന പദ്ധതിയിലുൾപ്പെടുത്തി ചെറുകോൽപ്പുഴ - മണിയാർ റോഡ് വികസനത്തിന്റെ ഒന്നാംഘട്ടമായി 54.5 കോടി പദ്ധതി തുകയായി പ്രഖ്യാപിച്ച് നവീകരണത്തിനായി സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. 13.6 മീറ്റർ വീതിയിലുള്ള റോഡ് വികസനം ഇരുവശവുമുള്ള വീടുകൾക്കും ആരാധനാലയങ്ങൾക്കും നഷ്ടം വരുത്തുമെന്നതിനാൽ പ്രദേശവാസികളുടെ എതിർപ്പിന് കാരണമായി. തുടർന്ന് 10.5 മീറ്ററിൽ പുതിയ പദ്ധതി തയ്യാറാക്കി സാങ്കേതിക അനുമതി നേടുകയായിരുന്നു. ഇതിൻ പ്രകാരം 10.5 മീറ്റർ വീതി സാദ്ധ്യമാക്കുന്നതിനായി നഷ്ടപരിഹാരമില്ലാതെ ഉടമകൾ സ്വമേധയാ ഭൂമി സമർപ്പിക്കണം. ഉടമകങ്ങളുടെ സമ്മത പത്രം വാങ്ങി നൽകേണ്ടുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. വസ്തു ഉടമകളുടെ സമ്മതപത്രം സ്വരൂപിക്കുന്നത് പൂർത്തിയാകുന്നതോടെ കരാർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുട്ടുമൺ - ചെറുകോൽപ്പുഴ റോഡും മല്ലപ്പള്ളി - പത്തനംതിട്ട റോഡും സംഗമിക്കുന്ന ചെറുകോൽപ്പുഴയിൽ നിന്നാരംഭിക്കുന്ന റോഡിന്റെ വലിയൊരുഭാഗം ശബരിമല തിരുവാഭരണ പാതയാണ്.
ബി എം - ബിസി നിലവാരം
റോഡിന്റെ വീതി : 10.5 മീറ്റർ,
ടാറിംഗ് : 7 മീറ്റർ .
കൊടുംവളവുകൾ ഒഴിവാക്കി അപകടസാദ്ധ്യത കുറയ്ക്കും. സ്ഥലം വിട്ടു നല്കുന്ന ഉടമകൾക്ക് മതിലുകളും സംരക്ഷണ ഭിത്തിയും സർക്കാർ ചെലവിൽ നിർമ്മിച്ചുനല്കും.
തർക്കത്തിൽ കുടുങ്ങി
ചെറുവള്ളി വിമാനത്താവള പദ്ധതി നടപ്പിലായാൽ ഏറെ പ്രാധാന്യമുള്ള പാത 13.5 മീറ്റർ വീതിയോടെ നിർമ്മിക്കണമെന്നും വസ്തു ഉടമകൾക്ക് ദോഷം വരുത്തുന്ന റോഡ് വികസനം പാടില്ലന്നുള്ളതുമായ തർക്കങ്ങൾ റോഡ് നവീകരണം രണ്ടു വർഷമായി തടസപ്പെടാൻ കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |