കോഴിക്കോട് : മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് മാറ്റുന്നതിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സ്വകാര്യ ആശുപത്രികളിലേക്കു മാറ്റിയവരുടെ കണക്കുകൾ പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ് ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. പാവങ്ങളുടെ ആശ്രയ കേന്ദ്രത്തെ എൽ.ഡി.എഫ് സർക്കാർ അത്യാഹിത വിഭാഗത്തിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത്ത് കുമാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. ഇതോടെ പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. വി.പി. ദുൽഖിഫിൽ, വൈശാൽ കല്ലാട്ട്, എം.പി. ബബിൻ രാജ്, വി.ടി.നിഹാൽ, സുരേഷ് രാമനാട്ടുകര, സനൂജ് കുരുവട്ടൂർ, എസ്. സുനന്ദ്, പി. പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു. ആർ.ഷഹിൻ, വി.പി. ദുൽഖിഫിൽ, എം.പി. ബബിൻ രാജ്, വി.ടി. നിഹാൽ, സനൂജ് കുരുവട്ടൂർ, എസ്.സുനന്ദ്, ഉല്ലാസ് രാമനാട്ടുകര, സി.വി. ആദിൽ അലി, അഭിജിത്ത് ഉണ്ണികുളം, ഷിംജി പുറക്കാട്ടേരി, ഷഹിൻ നന്മണ്ട എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |