പത്തനംതിട്ട : കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ ക്ഷേമമാണ് വികസനത്തിലൂടെ ബി ജെ പി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതു, വലത് മുന്നണികൾക്ക് ജനങ്ങൾ അവസരം കൊടുക്കുന്നു. നാടിന്റെ വികസനം പ്രതീക്ഷിച്ച് അവരെ വിശ്വസിച്ചാണ് അവസരം നൽകുന്നത്. എന്നാൽ പ്രതീക്ഷകൾ നിറവേറ്റാൻ ഇരുമുന്നണികൾക്കും സാധിച്ചോ എന്നത് വോട്ടു ചെയ്ത ജനങ്ങൾ വിശകലനം ചെയ്ത് മനസിലാക്കണം. ബി ജെ പിക്ക് വികസനമെന്നത് വെറും തിരഞ്ഞെടുപ്പ് വാഗ്ദാനമല്ല. 2004ൽ കേന്ദ്രത്തിൽ വാജ്‌പേയ് സർക്കാരിനെ ജനങ്ങൾ അധികാരത്തിലേറ്റി. അണുപരീക്ഷണം നടത്തി രാജ്യത്തെ ആണവശക്തിയാക്കാനുള്ള ആർജവം അദ്ദേഹം കാട്ടി. 10 വർഷം രാജ്യംഭരിച്ച യു പി എ സർക്കാരിന്റെ കാലത്ത് ചരിത്രത്തിലില്ലാത്ത വിലക്കയറ്റത്തിന് ജനങ്ങൾ സാക്ഷ്യം വഹിച്ചു. ലോക സമ്പത്ത് സ്ഥിതിയിൽ ഭാരതം താഴേയറ്റത്തായി. ഭരണസംവിധാനം അഴിമതിയിൽ മുങ്ങിക്കുളിച്ചതും ഈ കാലത്താണ്. യു പി എ മന്ത്രിസഭയിൽ 8 മലയാളി മന്ത്രിമാരാണുണ്ടായിരുന്നത്. എന്നാൽ കേരളത്തിനുവേണ്ടി ഒന്നും ചെയ്യാൻ ഇവർ ശ്രമിച്ചില്ല. അതേസ്ഥാനത്ത് ഇപ്പോഴത്തെ മോദി സർക്കാരിൽ രണ്ട് മന്ത്രിമാർ മാത്രമാണ് ഉള്ളതെങ്കിലും മുൻപെങ്ങും ലഭിക്കാത്ത കേന്ദ്ര പദ്ധതികളും വികസന പ്രവർത്തനങ്ങളുമാണ് നടക്കുന്നത്. അഴിമതി രഹിതമായ സുസ്ഥിര ഭരണം കാഴ്ചവച്ചതിനാലാണ് നരേന്ദ്ര മോദിക്ക് രാജ്യത്തെ ജനങ്ങൾ മൂന്നാമതും അവസരം നൽകിയത്. ഈകാലഘട്ടത്തിൽ വലിയ കുതിപ്പാണ് രാജ്യം നേടിയത്. ലോകത്ത് നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റാൻ ബി ജെ പിയുടെ ഭരണത്തിന് സാധിച്ചു. പാക്കിസ്ഥാൻ അതിർത്തി കടന്ന് സർജിക്കൽ സ്‌ട്രൈക്ക് നടത്താനുള്ള കരുത്തും രാജ്യം നേടി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കടംവാങ്ങാതെ ഒരിഞ്ച് മുന്നോട്ടു നീങ്ങാനാകാത്ത സ്ഥിതിയിലാണ്. കെ എസ് ആർ ടി സിയിലും ആശാപ്രവർത്തകർക്കും ശമ്പളം നൽകാൻപോലും കഴിയുന്നില്ല. കേന്ദ്ര പദ്ധതികൾ പേരുമാറ്റി നടപ്പാക്കുക എന്നതാണ് സി പി എം രാഷ്ട്രീയം. റോഡ്, റെയിൽ, പോർട്ട് എന്നിവയുടെ വികസനം യാഥാർത്ഥ്യമാക്കിയത് എൻ ഡിഎ സർക്കാരാണ്. കേരളം മാറിമാറി ഭരിക്കുന്ന സി പി എം അക്രമ പാർട്ടിയും കോൺഗ്രസ് അഴിമതി പാർട്ടിയുമാണന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |