കൊല്ലം: വിപണിയിലേക്കെത്താൻ തയ്യാറായി ജില്ലാ പഞ്ചായത്തിന്റെ കതിർമണി കുത്തരി. മേയ്, ജൂൺ മാസങ്ങളിലായി 8500 പായ്ക്കറ്റുകളാണ് വിപണത്തിന് തയ്യാറാവുക. പഞ്ചായത്ത് ഓഫീസ് ഔട്ട്‌ലെറ്റ്, ജില്ലയിലെ കൃഷിഭവനുകൾ, കുരിയോട്ടുമല ഫാം, ഹോർട്ടികോർപ്പ്, കൃഷിഭവൻ, കുടുംബശ്രീ എക്കോ ഷോപ്പുകൾ, തിരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളലൂടെയാണ് കതിർമണി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
തരിശ് നിലങ്ങളിൽ പരമാവധി കൃഷിയിറക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വരുമാനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയാണ് കതിർമണി. താങ്ങുവില യഥാസമയം നൽകുന്നതാണ് കതിർമണി പദ്ധതിയിൽ കൃഷി ചെയ്യുന്നതിന് കർഷകർക്ക് പ്രചോദനമാകുന്നത്.
പവിത്രേശ്വരം, വെട്ടിക്കവല, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ തട്ടാർകോണം, ചെറിയേല ഏലകളിലായുള്ള 125 ഏക്കർ തുടങ്ങി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി ആകെ 150 ഹെക്ടറിലാണ് ഈ വർഷം നെൽകൃഷി വിളവെടുപ്പ് നടത്തിയത്. ഒക്ടോബർ, സെപ്തംബർ മാസങ്ങളിൽ രണ്ടാം വിളയായിട്ടായിരുന്നു കൃഷികർഷക കൂട്ടായ്മകൾ, പാടശേഖര സമിതികൾ, സ്വയംസഹായ സംഘങ്ങൾ, ഗ്രന്ഥശാല കൂട്ടായ്മ എന്നിവ വഴി കർഷകരെ കണ്ടെത്തി തരിശ് കിടന്ന 350 ഏക്കർ നിലത്ത് കഴിഞ്ഞ സാമ്പത്തിക വർഷം നെൽകൃഷി നടത്തിയത്.
പദ്ധതി പ്രകാരം 1000 ഹെക്ടറിലേക്ക് നെൽകൃഷി വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നേരത്തെ അറിയിച്ചിരുന്നു. മനുരത്ന, ശ്രേയസ്, ജ്യോതി വിത്തിനങ്ങളാണ് വിളവെടുത്തത്. സംഭരിക്കുന്ന നെല്ല് ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള വെച്ചൂർ റൈസ് മില്ലിലാണ് കുത്തരിയാക്കി മാറ്റുന്നത്. സംസ്കരിച്ച അരി ജില്ലാ പഞ്ചായത്തിന്റെ ലേബലിൽ വിവിധ അളവുകളിലുള്ള പാക്കറ്റുകളിലാക്കി കതിർമണി എന്ന പേരിൽ വിപണിയിലെത്തിക്കും.
തരിശ് ഭൂമിയിൽ നൂറുമേനി
സ്വന്തം നിലത്തിൽ കൃഷി ചെയ്തവർക്ക് ഹെക്ടറിന് 40000 രൂപ വീതം സബ്സിഡി
പാട്ടഭൂമിയിലെ കൃഷിക്ക് ഹെക്ടറിന് 35000 രൂപ കർഷകനും 5000 രൂപ ഉടമയ്ക്കും
അഞ്ച് കിലോയുടെ 8500 പായ്ക്കറ്റുകൾ വിപണത്തിന് തയ്യാർ
ഗതാഗതച്ചെലവ് സഹിതം ഒരു കിലോയുടെ ചെലവ് 72 രൂപ
ഒരു കിലോ നെല്ലിന് കർഷകന് നൽകിയത് 28.20 രൂപ
അഞ്ച് കിലോ പായ്ക്കറ്റ് വില
₹ 350
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 150 ഹെക്ടറിലായി ഏതാണ്ട് 400 ഏക്കറിലാണ് കതിർമണി പദ്ധതിയിലൂടെ നെൽകൃഷി ചെയ്തത്.
ജില്ലാ പഞ്ചായത്ത് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |