തൃശൂർ: നെയ്തലക്കാവിലമ്മയെയും ശിരസിലേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ മേളത്തോടെ, വടക്കുന്നാഥനെ വണങ്ങി. ശേഷം വടക്കുന്നാഥനിലേക്ക് പ്രവേശിച്ച് തെക്കേ ഗോപുരനടയിലേക്ക്. തുടർന്ന് കൊമ്പുപറ്റും കുഴൽപ്പറ്റും ഉയർന്നുപൊങ്ങി. നെയ്തലക്കാവിലമ്മയെയും ശിരസിലേറ്റി ശിവകുമാർ ഗോപുരവാതിൽ തുറന്ന് പുറത്തേക്കിറങ്ങി. മണിക്കൂറുകളോളം കാത്തുനിന്ന ജനസാഗരം ആർപ്പുവിളിച്ചു. ശേഷം പൂരവിളംബരം ചടങ്ങ് ധന്യം, പൂർണം. ഇന്നലെ ഉച്ചയ്ക്ക് ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച ശേഷമായിരുന്നു നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് കയറിയത്.
തെക്കേ ഗോപുരനട ഇറങ്ങി വീണ്ടും ശ്രീമൂല സ്ഥാനത്ത് എത്തിയ ശേഷം നിലപാടു തറയിലെത്തി വടക്കുന്നാഥന് അഭിമുഖമായി നിന്നു. ഇതോടെ നെയ്തലക്കാവ് ക്ഷേത്രത്തിലെ അടിയന്തര മാരാർ ആകാശ് മൂന്നു തവണ ശംഖ് വിളിച്ചു. കാർമേഘം നിറഞ്ഞ അന്തരീക്ഷത്തിലാണ് ഇന്നലെ രാവിലെ എട്ടോടെ കുറ്റൂർ നെയ്തലക്കാവ് ഭഗവതി കൊച്ചിൻ ദേവസ്വം ബോർഡ് എറണാകുളം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടത്. തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിലൂടെ സ്വരാജ് റൗണ്ടിലെത്തി പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ ക്ഷേത്രമൈതാനത്തേക്ക് കടന്നു.
കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ മേളത്തോടെയായിരുന്നു വരവ്. തുടർന്ന് ശ്രീമൂല സ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച ശേഷമാണ് ചടങ്ങുകളിലേക്ക് കടന്നത്. നിലപാട് തറയിൽ നിന്ന് ശംഖ് വിളിച്ച് ചടങ്ങുകൾ പൂർത്തിയാക്കി നെയ്തലക്കാവിലമ്മ വലംതല കൊട്ടി മടങ്ങി. പൂരം വിളംബരം കാണുന്നതിന് വൻതിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി ബിന്ദു, വി.എസ്.സുനിൽ കുമാർ, അഡ്വ.അജയകുമാർ, അസി. കമ്മിഷണർ എം.മനോജ് കുമാർ, ദേവസ്വം മാനേജർ രമാദേവി എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |