കണ്ണൂർ: കണ്ണൂർ സർവകലാശാല അവസാന സെമസ്റ്റർ ബി.സി.എ പരീക്ഷയുടെ ചോദ്യങ്ങൾ കാസർകോട് പാലക്കുന്ന് ഗ്രീൻ വുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്ന് വിദ്യാർത്ഥികൾക്ക് ചോർത്തികൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് കോളജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിച്ചു.
കോളജിന് പിഴയും ചുമത്തി. ചോദ്യപേപ്പർ ചോർത്തിയ പ്രിൻസിപ്പലിനെ പരീക്ഷ ചുമതലയിൽ നിന്ന് ഒഴിവാക്കാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. ചോദ്യപേപ്പർ ചോർന്ന പരീക്ഷകൾ വീണ്ടും നടത്തും. പ്രിൻസിപ്പലിന്റെ നടപടിയുമായി ബന്ധപെട്ട് നടത്തിയ അന്വേഷണ റിപ്പോർട്ടിന് സിൻഡിക്കേറ്റ് അംഗീകാരം നൽകി. സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം. സംഭവത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് പി. അജീഷിനെ കോളജ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഒമ്പത് വിദ്യാർഥികൾ ഉൾപ്പെട്ട വാട്ടസ്ആപ്പ് ഗ്രൂപ്പിൽ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പാണ് പ്രിൻസിപ്പൽ ചോദ്യങ്ങൾ അയച്ചത്. ചോദ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് സമിതി വിസിക്ക് റിപോർട്ട് കൈകമാറുകയും അജീഷിനെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |