തിരുവനന്തപുരം: മ്യൂസിയത്ത് കൂട്ടിൽ നിന്ന് മക്കാവോ തത്ത പറന്നുപോയിട്ട് ഇന്ന് ആറാം ദിവസം. മടങ്ങിവരുമെന്ന അധികൃതരുടെ പ്രതീക്ഷ അസ്തമിച്ചു. കീപ്പർമാരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.അതിനാൽ കീപ്പറെ സസ്‌പെൻഡ് ചെയ്ത് മ്യൂസിയം ഡയറക്ടർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
ജോഡിക്ക് നാല് ലക്ഷത്തോളം രൂപ വില വരുന്ന അപൂർവയിനം ബ്ലൂ ആൻഡ് യെല്ലോ മക്കാവോ തത്തയാണ് വെള്ളിയാഴ്ച രാവിലെ 11.45ഓടെ പറന്നുപോയത്. തീറ്റ കൊടുക്കാൻ വാതിൽ തുറന്നപ്പോഴായിരുന്നു സംഭവം. അന്ന് തത്തയ്ക്ക് ഭക്ഷണം നൽകിയിരുന്ന അനിമൽ കീപ്പർ സജികുമാറിനെയാണ് ജോലിയിൽ നിന്ന് മ്യൂസിയം ഡയറക്ടർ പി.എസ്.മഞ്ജുളാദേവി സസ്‌പെൻഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് വിജയലക്ഷ്മിയെ മ്യൂസിയം ഡയറക്ടർ പി.എസ്.മഞ്ജുളാദേവി നിയോഗിച്ചു. വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും മ്യൂസിയം ഡയറക്ടർ കേരളകൗമുദിയോട് പറഞ്ഞു.
മൃഗശാലയിൽ തന്നെ 2022ൽ മുട്ട വിരിഞ്ഞുണ്ടായ മൂന്ന് കുഞ്ഞുങ്ങളിൽ ഒന്നായിരുന്നു പറന്നുപോയത്. പുറത്തുനിന്ന് തീറ്റയെടുത്ത് ശീലമില്ലാത്തതിനാൽ തിരികെ എത്തുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. ഈ ഇനം തത്തകൾക്ക് തെങ്ങിൽ നിന്ന് ഇളനീർ കൊത്തിക്കുടിക്കാൻ വരെ ശേഷിയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |