കോഴിക്കോട്: നരേന്ദ്ര മോദിയും പിണറായി വിജയനും ചേട്ടൻ ബാവയും അനിയൻ ബാവയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ടുപേരും ഒരുമിച്ചാണ് യാത്രയെന്നും പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ അഴിമതിക്കെതിരെയും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാക്കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ഗോവിന്ദൻ മാസ്റ്റർക്ക് സീറ്റില്ലെങ്കിലും രാജീവ് ചന്ദ്രശേഖറിനുണ്ടായി. ബി.ജെ.പിയും സി.പി.എമ്മും തമ്മിലിപ്പോൾ അങ്ങനെയാണ്. ഗോയങ്കയെ പോലുള്ളവർക്കെതിരെ സമരം നടത്തിയ സി.പി.എമ്മിന് അദാനി പാർട്ണറാണെന്ന് പറയാൻ ഉളുപ്പില്ലാതായി. തീവ്ര വലതുപക്ഷ പാർട്ടിയായി അധ:പതിച്ചതുകൊണ്ടാണ് ആശമാരുടേതടക്കമുള്ള സമരങ്ങളെ പുച്ഛിക്കുന്നത്. വെെദ്യുതി, പെൻഷൻ, സിവിൽ സപ്ളെെസ് ഉൾപ്പെടെയുള്ള മേഖലകൾ തകർന്നു. കെ.എസ്.ഇ.ബിയുടെ കടം 45,000 കോടിയാണ്. മൂന്നു തവണ ചാർജ് കൂട്ടി. യു.ഡി.എഫിൻ്റെ കാലത്ത് കുറഞ്ഞ നിരക്കിലുള്ള വെെദ്യുതി കരാർ അദാനിക്കു വേണ്ടി റദ്ദാക്കി. ഇപ്പോൾ അതിൻ്റെ മൂന്നിരട്ടിയിലധികം കൊടുത്താണ് വെെദ്യുതി വാങ്ങുന്നതെന്നും പറഞ്ഞു. സ്വന്തം കുടുംബത്തോട് കാണിക്കുന്ന പത്ത് ശതമാനം താത്പര്യം മുഖ്യമന്ത്രി കേരളത്തോട് കാണിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. ആരോഗ്യ മേഖല അനാരോഗ്യമേഖലയായതിന് തെളിവാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തം. ആരോഗ്യമന്ത്രി അനാരോഗ്യ മന്ത്രിയായെന്നും വരുന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മുകാരും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും പറഞ്ഞു. ഡി.സി.സി.പ്രസിഡൻ്റ് കെ. പ്രവീൺകുമാർ അദ്ധ്യക്ഷനായി. പി.എം. അബ്ദുറഹ്മാൻ, പി.എം.നിയാസ്, കെ. ജയന്ത് തുടങ്ങിയവർ പ്രസംഗിച്ചു. കെ.ബാലനാരായണൻ, ഡോ. എം.ഹരിപ്രിയ, അഡ്വ. എം.രാജൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |