കോഴിക്കോട്: സംസ്ഥാനത്ത് മലമ്പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധന. അന്യസംസ്ഥാന തൊഴിലാളികളടക്കം പുറത്തു നിന്നുമെത്തുന്നവരിൽ നിന്നാണ് കൂടുതലും രോഗവ്യാപനമെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ.
കേരളത്തിൽത്തന്നെയുണ്ടാകുന്ന കേസുകൾ താരതമ്യേന കുറവാണ്. ഇതിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത ആറ് കേസുകളുമായി കോഴിക്കോടാണ് മുന്നിൽ. നാലുവീതം കേസുകളുമായി മലപ്പുറവും കണ്ണൂരും തൊട്ടു പിന്നിലുണ്ട്. 2023ൽ ആറ് തദ്ദേശീയ കേസുകളാണുണ്ടായത്. അന്യസംസ്ഥാനത്തു നിന്ന് 560 കേസുകളുണ്ടായി. 2024ൽ തദ്ദേശീയ കേസുകൾ ഇരുപതും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളത് (ഇമ്പോർട്ടഡ്) 951ഉം ആയി ഉയർന്നു. യഥാക്രമം ഏഴ്, ആറ് മരണങ്ങളുണ്ടായി. ഇക്കൊല്ലം ഏപ്രിൽ വരെ 214 ഇമ്പോർട്ടഡ് കേസുകളും ഒരു മരണവുമുണ്ടായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ കോഴിക്കോട്, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ജോലിതേടിയെത്തുന്നുണ്ട്. ഇവിടെ നിന്നും അന്യസംസ്ഥാനങ്ങളിലും പോകുന്നു. രോഗ്യവ്യാപനം കൂടാനുള്ള പ്രധാന കാരണമിതാണ്. കാലാവസ്ഥാ വ്യതിയാനമാണ് മറ്റൊന്ന്. അനോഫിലിസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. കുടിയേറ്റത്തൊഴിലാളികളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകാത്തത് പ്രതിരോധ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
മലമ്പനി മുക്തമാകുമോ കേരളം?
2027നകം സംസ്ഥാനത്തെ മലമ്പനി മുക്തമാക്കാനാണ് ശ്രമം. മൂന്നു വർഷം തദ്ദേശീയമായി രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ മാത്രമേ മലേറിയ മുക്തമായി പ്രഖ്യാപിക്കാനാവൂ. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകളിൽ മൂന്നു വർഷം തദ്ദേശീയ കേസുകളുണ്ടായിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ആയിരം പേർക്ക് ഒന്നിൽ താഴെ രോഗമുണ്ടാകുന്ന ഒന്നാം കാറ്റഗറിയിലാണ് കേരളം.
ലക്ഷണങ്ങൾ
പനി, ശക്തമായ തലവേദന, പേശിവേദന
പനിക്കൊപ്പം കുളിരും തലവേദനയും
വിറയലോടെയുള്ള പനി ആവർത്തിക്കുക.
മനംപുരട്ടൽ, ഛർദ്ദി, ചുമ.
ത്വക്കിലും കണ്ണിലും മഞ്ഞനിറം.
പകരുന്നത് ഇങ്ങനെ
കൊതുകുകടിയേൽക്കുക.
മലമ്പനി രോഗിയുടെ രക്തം സ്വീകരിക്കുക.
ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്.
പ്രതിരോധം ഇങ്ങനെ
കൊതുകുകടിയേൽക്കാതെ ശ്രദ്ധിക്കുക.
പരിസരത്ത് വെള്ളം കെട്ടിനിൽക്കരുത്.
വീട്ടിലും പരിസരത്തും ശുചിത്വം പാലിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |