ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ താതാകാലിക ടിക്കറ്റ് കൗണ്ടറിലേക്കുള്ള പ്രവേശന കവാടത്തിൽ മലിനജലം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. സെപ്റ്റിക്ക് ടാങ്കിന്റെ ഭാഗത്തേക്ക് ഒഴുകുന്ന വെള്ളക്കെട്ടിന്റെ പ്രശ്നം ആരംഭിച്ചിട്ട് മാസങ്ങളായി, കെട്ടിടത്തിലെ എയർ കണ്ടീഷൻ സംവിധാനത്തിൽ നിന്നോ, പൈപ്പുകളിൽ നിന്നോ ഉള്ള ചോർച്ചയാകാം വെള്ളക്കെട്ടിന് കാരണമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. കാരണമെന്തായാലും, മാസങ്ങളായുള്ള വെള്ളക്കെട്ടിൽ പായലും കീടങ്ങളും വളർന്നിട്ടും പ്രശ്നപരിഹാരത്തിന് നടപടിയെടുക്കാൻ റെയിൽവേയുടെ ഐ.ഒ.ഡബ്ല്യു (ഇൻസ്പെക്ടർ ഒഫ് വർക്ക്സ്) വിഭാഗത്തിന് സാധിച്ചിട്ടില്ല. വെള്ളക്കെട്ടിന് തൊട്ടു മുകളിലാണ് സെപ്റ്റിക് ടാങ്കിലേക്കുള്ള കുഴലുകളും സ്ഥാപിച്ചിരിക്കുന്നത്. ടിക്കറ്റ് കൗണ്ടറിലേക്കുള്ള പടിക്കെട്ടിലൂടെയും കുഴൽ കടന്നുപോകുന്നുണ്ട്. യാത്രക്കാരുടെ ചവിട്ട് കൊണ്ട് പ്ലാസ്റ്റിക് കുഴൽ പൊട്ടിയാൽ പ്രദേശത്ത് സെപ്റ്റിക്ക് മാലിന്യം വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ മാറ്റി സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.
യാത്രക്കാർ രോഗഭീതിയിൽ
മഴക്കാലം ആരംഭിക്കുന്നതോടെ, കവാടത്തിൽ കെട്ടിക്കിടക്കുന്ന ജലം പ്രദേശമാകെ പടരും. ഇത് സാംക്രമിക രോഗങ്ങൾക്ക് വഴിവയ്ക്കാനും സാദ്ധ്യതയുണ്ട്. ടിക്കറ്റെടുക്കാൻ കയറുന്നവരെ കൂടാതെ, യാത്ര കഴിഞ്ഞെത്തുന്നവരും ഇതേ പടിക്കെട്ടും വഴിയും ഉപയോഗിക്കുന്നുണ്ട്.
മാസങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂത്താടികൾ വളർന്നുപെരുകി. സെപ്റ്റിക്ക് ടാങ്കിന്റെ ഭാഗത്തേക്കാണ് ജലം ഒഴുകുന്നത്. കെട്ടിക്കിടക്കുന്നത് സെപ്റ്റിക് വെള്ളമാണോയെന്ന ആശങ്കയുമുണ്ട്
- അലക്സാണ്ടർ, സ്ഥിരം യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |