കോഴിക്കോട് : നടക്കാവ് നാലാം ഗേറ്റ് തേർ വീട് ക്ഷേത്രത്തിന് സമീപം സ്വകാര്യ കെട്ടിടത്തിൽ തീപിടിത്തം. പ്രദേശവാസിയും രണ്ടാം ഗേറ്റിന് സമീപം സ്പെയർ പാർട്സ് കട നടത്തുന്ന അൻവർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നില പൂർണമായും കത്തിനശിച്ചു. താഴത്തെ നിലയിലും ചെറിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെയുള്ള പഴയ വീട് ആക്രി ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു. വൈകീട്ട് 6.45 ഓടെ കെട്ടിടത്തിൽ നിന്നും തീ ഉയരുന്നത് കണ്ട അയൽവാസിയാണ് ഫയർ ഫോഴ്‌സിൽ വിവരമറിയിച്ചത്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട് കുന്ന് ഫയർ സ്റ്റേഷനുകളിൽ നിന്നായി നാല് യൂണിറ്റ് എത്തിയാണ് തീ പൂർണമായും അണച്ചത്. അളപായമില്ല. ഈ കെട്ടിടത്തിനോട് ചേർന്നാണ് അൻവറും കുടുംബവും താമസിക്കുന്ന വീടും. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ സൂക്ഷിച്ചിരുന്ന ടയർ ഉൾപ്പെടെയുള്ളവയിലേക്ക് തീ പടർന്ന് ആളിക്കത്തുകയായിരുന്നു. അടുത്തടുത്തായി നിരവധി വീടുകളുള്ള പ്രദേശമാണിത്. കൃത്യ സമയത്ത് തീ അണച്ചത് കാരണം വൻ ദുരന്തം ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |